ഭോപ്പാല്‍: മധ്യപ്രദേശിൽ ഹിന്ദുത്വ നേതാവ് വി.ഡി സവർക്കറുടെ ചിത്രമുള്ള നോട്ടുബുക്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത പ്രിൻസിപ്പലിന് സസ്പെൻഷൻ. രത്ലം ജില്ലയിലെ മൽവാസയിലെ സർക്കാർ ഹൈസ്കൂൾ പ്രിൻസിപ്പൽ ആർ.എൻ കെരാവത്തിനെയാണ് സസ്പെൻഡ് ചെയ്തത്. രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുള്ള ആളാണ് കെരാവത്ത്.
നവംബർ നാലിന് വീര സവർക്കർജനഹിതാര്ഥ സമിതിയാണ് സ്കൂളിൽ നോട്ട് ബുക്ക് വിതരണം നടത്തിയത്. ഒമ്പത്, 10 ക്ലാസുകളിലെ കുട്ടികൾക്കായി 500 നോട്ട് ബുക്കുകളാണ് ഇവർ വിതരണം ചെയ്തത്. സവർക്കറുടെ ചിത്രവും ജീവചരിത്രവും മുഖപേജിൽ അടങ്ങുന്ന നോട്ട് ബുക്കുകൾ കെരാവത്തായിരുന്നു കുട്ടികൾക്ക് കൈമാറിയത്. നോട്ട് ബുക്ക് നൽകിയ സംഘടന ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് കോണ്‍ഗ്രസ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. ഇതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിഷയത്തില്‍ അന്വേഷണം നടത്തുകയും പ്രിന്‍സിപ്പലിനെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്യുകയുമായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ സ്കൂളില്‍ പരിപാടി സംഘടിപ്പിക്കാന്‍ ഒത്താശ ചെയ്തെന്നാണ് പ്രിന്‍സിപ്പലിനെതിരായ ആരോപണം.