gnn24x7

നിര്‍ഭയ കേസ്: ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളി; ഇനി ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഊഴം

0
215
gnn24x7

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പ്രതികളില്‍ ഒരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി ഡല്‍ഹി ലെഫ്ടനന്‍റ് ഗവര്‍ണര്‍ തള്ളി. തുടര്‍ നടപടികള്‍ക്കായി ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. അതേസമയം, പ്രതികളിലൊരാളായ വിനയ് കുമാര്‍ ശര്‍മ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ജനുവരി 9നാണ് വിനയ് കുമാര്‍ ശര്‍മ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

തിരുത്തല്‍ ഹര്‍ജി തള്ളിയ അവസരത്തില്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവസരം ഇനി അവശേഷിക്കുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.  അതനുസരിച്ചാണ് മുകേഷ് സിംഗ് ദയാഹര്‍ജി സമര്‍പ്പിച്ചത്. കൂടാതെ, മരണ വാറണ്ട് സ്റ്റേ ചെയ്യാനുള്ള ഹര്‍ജി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി പറഞ്ഞിരുന്നു.അതേസമയം, നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക്മേല്‍ ഇനി ദയയുണ്ടാവില്ല എന്ന് തന്നെയാണ് സൂചന.

കാരണം, ഈ കേസില്‍ പ്രതികളുടെ ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനോടകം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 7നാണ് ഡല്‍ഹി പട്യാല കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. അതനുസരിച്ച് ഇനി, ജനുവരി 22ന് 7മണിക്ക് നാലുപേരെയും തൂക്കിലിടണം. എന്നാല്‍, വധശിക്ഷ വൈകുമെന്നാണ് മരണ വാറണ്ട് പുറത്തുവന്നതിന് ശേഷം നടക്കുന്ന സംഭവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.അതേസമയം, പ്രതികളെ തൂക്കിലേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഡല്‍ഹി തീഹാര്‍ ജയിലില്‍ നടന്നു കഴിഞ്ഞു.

ഡമ്മി പരീക്ഷണവും കഴിഞ്ഞു. ഈയവസരത്തിലാണ് കൊലക്കയറില്‍നിന്നും രക്ഷനേടാനുള്ള അവസാന ശ്രമവുമായി പ്രതികള്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുന്നത്. അതേസമയം, ജനുവരി 7 വരെയായിരുന്നു Mercy Petition സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിരുന്നത്. ആ കാലയളവില്‍ നാല് പ്രതികളും Mercy Petition സമര്‍പ്പിച്ചിരുന്നില്ല. ആ വസ്തുത മുന്‍ നിര്‍ത്തിയാണ് തിരുത്തല്‍ ഹര്‍ജി തള്ളിയ അവസരത്തില്‍ പ്രതികള്‍ക്ക് രാഷ്ട്രപതിയെ സമീപിക്കാനുള്ള അവസരം സുപ്രീംകോടതി നല്‍കിയത്.

അതായത്, വധശിക്ഷയില്‍നിന്നും ഇളവു നേടാന്‍ നീതിന്യായ വ്യവസ്ഥ അനുവദിക്കുന്ന എല്ലാ സാധ്യതയും വിനിയോഗിക്കാന്‍ പ്രതികള്‍ക്ക് അവസരം നല്‍കുകയാണ് സുപ്രീംകോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതേസമയം, വധശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. 2012 ഡിസംബര്‍ 16ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്‌.

തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിഞ്ഞിരുന്നത്. ഒന്നാംപ്രതി റാം സിംഗ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സി൦ഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെയാണ് ജനുവരി 22ന് തൂക്കിലേറ്റുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here