ബർലിൻ: ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കറുത്ത വർഗക്കാരനായ എംപി കറംബ ഡയാബി (58)ന്റെ ഓഫീസിന്റെ ജനാലയിൽ അജ്ഞാതർ വെടി ഉതിർത്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വെടിയുണ്ടകൾ പതിച്ച ജനാലയുടെ ചിത്രങ്ങൾ സഹിതം എംപി ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചു.
എംപിയുടെ ഓഫീസിന്റെ ജനാലയ്ക്ക് ഇരട്ട കവചമുള്ള ഗ്ലാസ്സാണ് ഉള്ളത്. മൂന്ന് വെടിയുണ്ടകൾ പതിഞ്ഞ പാടുണ്ട്. ഗ്ലാസ് ചിതറിയിട്ടുണ്ട്. ജർമൻ കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
മുൻ കിഴക്കൻ ജർമൻ നഗരമായ ഹാലെയിൽ നിന്നുള്ള എംപിയാണ് ആഫ്രിക്കൻ വംശജനായ ഡയാബി. 2015 ൽ സമാനമായ ആക്രമണം ഓഫീസിൽ നടന്നതായും പൊലീസ് വെളിപ്പെടുത്തി. വംശീയ ആക്രമണമാണ് ഇതിന്റെ പിന്നിലെന്ന് കരുതുന്നു. സംഭവത്തിൽ ജർമനിയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ശക്തമായ ഭാഷയിൽ അപലപിച്ചു.