താലിബാൻ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എം കെ മുനീർ എം എൽഎയ്ക്ക് വധഭീഷണി. ‘ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലീം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നിന്നേയും കുടുംബത്തേയും തീര്‍പ്പ് കല്‍പിക്കും’- എന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്.
കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍ എസ് എസ് സ്‌നേഹവും കാണുന്നു. ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്നും പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണിയില്‍ ഭയമില്ലെന്നാണ് എം കെ മുനീറിന്റെ പ്രതികരണം. കത്തിനെക്കുറിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.