ജയ്പൂര്‍: സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിയമസഭാ സമ്മേളനത്തിന്‍റെ തിയതികൂടി പ്രഖ്യാപിച്ചതോടെ MLAമാര്‍ക്കും വില വര്‍ധിച്ചതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
നിലവിലെ ഓഫര്‍ 10-15 കോടി അല്ല, അണ്‍ലിമിറ്റഡ് ആണ്, കുതിരക്കച്ചവടത്തിലെ വിലയും കൂടിയെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. ആഗസ്റ്റ് 14നാണ് രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.
“നിയമസഭാ സമ്മേളനം വിളിക്കാനുള്ള തിയതി പ്രഖ്യാപിച്ചശേഷം കുതിരക്കച്ചവടത്തിന്‍റെ വില കൂടിയിട്ടുണ്ട്. ആദ്യം 10 കോടിയും പിന്നീട് 15 കോടിയും ആയിരുന്നത് ഇപ്പോള്‍ എത്ര വേണമെങ്കിലും തരാം എന്ന നിലയിലായിട്ടുണ്ട്”, ഗെഹ്ലോട്ട് പറഞ്ഞു.
അതേസമയം, നിയമസഭാ സമ്മേളനത്തില്‍ വിമത എം.എല്‍.എമാരും പങ്കെടുക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്, അവരെല്ലാം കോണ്‍ഗ്രസ് ചിഹ്നത്തിലാണ് ജയിച്ചത്, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
“കോണ്‍ഗ്രസ് ചിഹ്നത്തില്‍ ജയിച്ച അസംതൃപ്തരായ ആ വിമത എം.എല്‍.എമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അവര്‍ സര്‍ക്കാരിനൊപ്പമാണ് നില്‍ക്കുന്നത് എന്ന് എനിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അത് എന്‍റെ ഉത്തരവാദിത്വമാണ്”, ഗെഹ്ലോട്ട് പറഞ്ഞു.
അതേസമയം, സമ്മേളനത്തില്‍ തങ്ങളും പങ്കെടുക്കുമെന്ന നിര്‍ണായക തീരുമാനം വിമത ക്യാമ്പിലെ എം.എല്‍.എമാര്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. ഹരിയാനയിലേ റിസോര്‍ട്ടില്‍ കഴിയുന്ന ഇവര്‍ ജയ്പൂരിലേക്ക് മടങ്ങിയെത്താനുള്ള തീരുമാനത്തിലെത്തി എന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്. സച്ചിന്‍ പൈലറ്റി നൊപ്പമുള്ള 18 എം.എല്‍.എമാരാണ് ഹരിയാനയില്‍ കഴിയുന്നത്.
നിലവില്‍ മന്ത്രിസഭയില്‍നിന്നും അയോഗ്യരാക്കിയ നടപടിക്കെതിരെ സ്പീക്കര്‍ സി.പി ജോഷിയുമായി നിയമ പോരാട്ട൦ നടത്തുന്ന ഇവര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സ്വാഭാവികമായും അവര്‍ എം.എല്‍.എ സ്ഥാനത്തുനിന്നും അയോഗ്യരാക്കപ്പെടും.
അതേസമയം, സ്പീക്കറുടെ നീക്കത്തെ ചോദ്യം ചെയ്ത് ജൂണ്‍ 15ന് പൈലറ്റ് ക്യാമ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
എന്നാല്‍, തന്നോടൊപ്പമുള്ള എംഎല്‍എമാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നല്‍കിക്കഴിഞ്ഞു.
നിയമസഭ ആരംഭിക്കുന്ന ഓഗസ്റ്റ് 14 വരെ എംഎല്‍എമാര്‍ ഇപ്പോള്‍ താമസിക്കുന്ന ജയ്പൂരിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ തന്നെ താമസിക്കണമെന്നാണ് നിര്‍ദേശം. മന്ത്രിമാര്‍ക്ക് അവരുടെ ഓഫീസ് സന്ദര്‍ശിച്ച് മറ്റു ജോലികള്‍ പൂര്‍ത്തിയാക്കാമെന്നും ഗെഹ്ലോട്ട് പറഞ്ഞിട്ടുണ്ട്.
വിമതപക്ഷത്തേക്കു പോയ എംഎല്‍എമാര്‍ മടങ്ങി വന്നാല്‍ അവര്‍ക്ക് നേട്ടമുണ്ടാകുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി പ്രതാപ് സിംഗ് പറഞ്ഞു.
പൈലറ്റ് ക്യാമ്പിന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ….






































