gnn24x7

ജെഇഇയും നീറ്റും മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സുപ്രീം കോടതി

0
173
gnn24x7

ന്യൂഡൽഹി: എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെഇഇയും നീറ്റും മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഭരണത്തിലിരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് കോടതിയെ സമീപിപ്പിച്ചത്.  രണ്ടാം തവണയാണ് കോടതി ഇതേ ആവശ്യം തള്ളുന്നത്. നേരത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്ന് വ്യക്തമാക്കി അന്നും കോടതി ഹർജി തള്ളിയിരുന്നു.

ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ആറ് സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചത്. എന്നാൽ ഈ ഹർജിയും ജസ്റ്റിസ് അശോക് ഭൂഷൺ, ബി.ആർ.ഗവായ്, കൃഷ്ണ മുരളി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് തള്ളുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ രണ്ട് തവണ നീറ്റ്,ജെഇഇ പരീക്ഷകൾ മാറ്റി വച്ചിരുന്നു. ഇനിയും നീട്ടിക്കൊണ്ടു പോകുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പരീക്ഷകൾ നടത്താൻ അനുമതി നൽകിയത്.

ഇതനുസരിച്ച് കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് സെപ്റ്റംബർ ഒന്നു മുതൽ ജെഇഇ മെയിൻ പരീക്ഷ ആരംഭിച്ചിരുന്നു. നീറ്റ് സെപ്റ്റംബർ 13നാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here