gnn24x7

നിർഭയ കേസില്‍ പുതിയ മരണ വാറണ്ട് ഇന്ന് പുറപ്പെടുവിക്കും

0
205
gnn24x7

ന്യൂഡല്‍ഹി: നിർഭയ കേസില്‍ പുതിയ മരണ വാറണ്ട് ഇന്ന് പുറപ്പെടുവിക്കും.

പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുക.

ഈ കേസില്‍ ഇതിനോടകം രണ്ട് മരണ വാറണ്ടുകള്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കേസിലെ ചില പ്രതികളുടെ നിയമ പരിരക്ഷ നിലനിന്നതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കേണ്ടതായി വരികയായിരുന്നു.

അതേസമയം, നിയമ പരിരക്ഷ’ വിനിയോഗിക്കുന്നതില്‍ പ്രതികള്‍ കാട്ടുന്ന അനാസ്ഥ കണക്കിലെടുത്ത്, കുറ്റവാളികള്‍ക്ക് നിയമ പരിരക്ഷ നേടാനുള്ള സമയം ഒരാഴ്ചയായി നിജപ്പെടുത്തിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 5ന് ഉത്തരവായിരുന്നു. ആ സമയ പരിധി എതാണ്ട് അവസാനിച്ചിരിക്കുകയാണ്.   

കേസിലെ 4 പ്രതികളില്‍ പവന്‍ ഗുപ്ത ഇതുവരെ ദയാഹര്‍ജിയും തിരുത്തൽ ഹർജിയും നല്‍കിയിട്ടില്ല. മറ്റ് മൂന്ന് പേരുടെയും എല്ലാ വിധ നിയമ പരിരക്ഷയും അവസാനിച്ചിരിക്കുകയാണ്.

മുന്‍പ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി പരിഗണിച്ച അവസരത്തില്‍, പ്രതികള്‍ ബോധപൂർവ്വം വിധി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുകയാണ് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചിരുന്നു.

വധശിക്ഷ നടപ്പാക്കുന്നത് ഇനിയും വൈകിക്കരുത് എന്ന് സൂചിപ്പിച്ച സോളിസിറ്റർ ജനറൽ പ്രതികള്‍ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുകയാണ് എന്നും  ആരോപിച്ചിരുന്നു. അതിനു തെളിവായി അദ്ദേഹം ഇതുവരെ പ്രതികള്‍ നടത്തിയ എല്ലാ നീക്കങ്ങളുമടങ്ങിയ ചാർട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ കുറ്റവാളികള്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് ഇവരുടെ മനോഭാവത്തിൽ നിന്ന് വ്യക്തമാണെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു

പ്രതികൾ കണക്കുകൂട്ടിയുള്ള നീക്കങ്ങളാണു നടത്തുന്നത് എന്നും പ്രതികളിലൊരാളായ പവൻ ഗുപ്ത തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാതിരിക്കുന്നതു മനഃപൂർവമാണെന്നും നിയമ നടപടി പൂർത്തിയായവർക്കു വധശിക്ഷ നടപ്പാക്കണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here