gnn24x7

നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ ഹര്‍ജി തള്ളി

0
199
gnn24x7

ന്യൂഡല്‍ഹി: സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന വാദവുമായി പ്രതി പവൻ ഗുപ്ത സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.

പ്രതികളുടെ പ്രായം നേരത്തെതന്നെ പരിശോധിച്ചതാണെന്ന് കണ്ടെത്തിയ കോടതി, വധശിക്ഷയില്‍ ഇളവ് വേണമെന്ന ആവശ്യവും തള്ളി. സംഭവം നടക്കുമ്പോള്‍ പ്രതിയ്ക്ക് 19 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന ഡല്‍ഹി പോലീസിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഹര്‍ജിയില്‍ പുന:പരിശോധനയുടെ ആവശ്യമില്ലെന്ന് വിമര്‍ശിച്ച കോടതി ഈ വിഷയം മുന്‍പ് പരിഗണിച്ചതാണെന്നും പറഞ്ഞു. വിചാരണ കോടതിയും ഡല്‍ഹി ഹൈക്കോടതിയും ഈ വിഷയം മുന്‍പ് തള്ളിയതാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ഭാനുമതിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 

ഡിസംബര്‍ 19ലെ ഹൈക്കോടതി വിധി മറികടന്നാണ് പവൻ ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് തെളിയിക്കാന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ആണ് പവൻ ഗുപ്തയുടെ വക്കീല്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

ഇന്ന് ഉച്ചയോടെ ഹര്‍ജിയില്‍ വാദം കേട്ട കോടതി 2:30ന് വിധി പറയുമെന്ന് അറിയിക്കുകയായിരുന്നു. 

അതേസമയം, നിശ്ചിത സമയത്തിനുള്ളില്‍ ദയാഹര്‍ജി നല്‍കാത്തത് ശിക്ഷ നടപ്പാക്കുന്നത് വൈകിക്കാനെന്ന്‍ മുന്‍പ് കോടതി വിമര്‍ശിച്ചിരുന്നു. 

അതേസമയം, നിര്‍ഭയ കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് ഫെബ്രുവരി 1ന് നിര്‍ഭയ കേസിലെ 4 പ്രതികളേയും തൂക്കിക്കൊല്ലും. ഫെബ്രുവരി 1ന് രാവിലെ 6 മണിക്കാണ് വധ ശിക്ഷ നടപ്പാക്കുക. 

4 പ്രതികളുടെയും ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍പേ തന്നെ ശുപാര്‍ശ ചെയ്തിരുന്നു. 

അതേസമയം, പ്രതികളെ തൂക്കിലേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഡല്‍ഹി തീഹാര്‍ ജയിലില്‍ നടന്നു കഴിഞ്ഞു. ഡമ്മി പരീക്ഷണവും കഴിഞ്ഞു. ഈയവസരത്തിലാണ് കൊലക്കയറില്‍നിന്നും രക്ഷനേടാനുള്ള അവസാന ശ്രമവുമായി പ്രതികള്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുന്നത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here