gnn24x7

വിവാദ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ സുപ്രീം കോടതി

0
215
gnn24x7

ന്യൂദല്‍ഹി: കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ സുപ്രീം കോടതി. നിരവധി തവണ പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടും ഒറ്റ പൈസ പോലും വിജയ് മല്യ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ജസ്റ്റിസ് രോഹിന്റണ്‍ നരിമാന്‍. മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി ലഭിച്ചതിനെതിരെ മല്യ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് നരിമാന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് വിദേശത്തേയ്ക്കു കടന്ന വിജയ് മല്യ ഇതുവരെ ഒറ്റ പൈസ പോലും തിരിച്ചടച്ചിട്ടില്ല. മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികളിലാണിപ്പോള്‍ ഇംഗ്ലണ്ട്,’ രോഹിന്റണ്‍ നരിമാന്‍ പറഞ്ഞു.

ജസ്റ്റിസ് നരിമാന്‍ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് സ്വമേധയാ വിട്ടു നില്‍ക്കുകയും ചെയ്തു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് മുംബൈ കോടതി മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയത്. വായ്പയെടുത്ത തുക വീണ്ടെടുക്കാനായി മല്യയുടെ സ്വത്തുക്കള്‍ വിനിയോഗിക്കാനായിരുന്നു കോടതി ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ മല്യ കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.

മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതിയെ അറിയിച്ചിരുന്നു.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയോളം വായ്പയെടുത്താണ് 2016 മാര്‍ച്ചില്‍ മല്യ രാജ്യം വിട്ടത്. ബ്രിട്ടനിലാണ് മല്യ അഭയം പ്രാപിച്ചിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here