gnn24x7

മുംബൈയിലെ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കിടയിലായി മൃതദേഹങ്ങളും

0
224
gnn24x7

മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കിടയിലായി കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങളും കിടത്തിയതായുള്ള ദൃശ്യങ്ങള്‍ പുറത്ത്.

ബി.ജെ.പി എം.എല്‍.എ നിതീഷ് റാണെയാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. മുംബൈ കോര്‍പ്പേറേഷന്‍ നടത്തുന്ന സയന്‍ ആശുപത്രിയിലേതാണ് ദൃശ്യങ്ങള്‍.

കൊവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങള്‍ വാര്‍ഡില്‍ തന്നെ കിടത്തിയിരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അടുത്തടുത്തായുള്ള കട്ടിലുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളേയും കാണാം.

കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലില്‍ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങള്‍. ചില മൃതദേഹങ്ങള്‍ തുണിയിട്ട് മൂടിയിട്ടുമുണ്ട്.

മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായാണ് ബി.ജെ.പി എം.എല്‍.എ എത്തിയത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയത് തന്റെ സഹപ്രവര്‍ത്തകനാണെന്നും ആശുപത്രിയില്‍ ചില കാര്യങ്ങള്‍ക്കായി എത്തിയ അദ്ദേഹമാണ് ഈ ദൃശ്യങ്ങള്‍ കണ്ടതെന്നും എം.എല്‍.എ റാണെ പ്രതികരിച്ചു.

എന്നാല്‍ ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും വിഷയത്തില്‍ പ്രതികരിക്കാന്‍ എല്‍.ടി.എം.ജി സയന്‍ ആശുപത്രി അധികൃതരോ ബ്രിഹം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോ തയ്യാറായിട്ടില്ല.

കൊവിഡ് വാര്‍ഡായിട്ടുപോലും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ കൊവിഡ് രോഗികളുടെ ബന്ധുക്കള്‍ മുറിയില്‍ കയറിയിറങ്ങുന്നതും വീഡിയോയില്‍ കാണാം. ഒരു രോഗിക്കരികില്‍ അവരുടെ ബന്ധു കട്ടിലിന് സമീപം നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

1234 കേസുകളാണ് മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 34 പേരാണ് സംസ്ഥാനത്ത് ഇന്നലെ മരണപ്പെട്ടത്. 16,758 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 651 പേര്‍ മരണപ്പെടുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here