gnn24x7

പുല്‍വാമയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള നീക്കം തകര്‍ത്തതായി സൈന്യം

0
180
gnn24x7

ശ്രീനഗര്‍: പുല്‍വാമയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള നീക്കം തകര്‍ത്തതായി സൈന്യം. പുല്‍വാമയില്‍ സ്‌ഫോടന വസ്തുക്കളുമായെത്തിയ കാര്‍ തടയുകയും വിജനമായ പ്രദേശത്ത് എത്തിച്ച് സ്‌ഫോടനം നടത്തുകയായിരുന്നെന്നും സൈന്യം പറയുന്നു.

ഡ്രോണ്‍ ക്യാമറ വെച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്. വെളുത്ത നിറത്തിലുള്ള കാര്‍ പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ വന്‍ സ്‌ഫോടനം ലക്ഷ്യംവെച്ചിരുന്നെന്നും ആ നീക്കമാണ് സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് പരാജയപ്പെടുത്തിയിരിക്കുന്നത് എന്നുമാണ് സൈന്യം അറിയിച്ചത്.

കാര്‍ ബോംബ് സ്‌ഫോടനം നടത്താന്‍ തീവ്രവാദികള്‍ നീക്കം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് മുതല്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. കാര്‍ വരുന്ന റൂട്ടിലുണ്ടായിരുന്ന എല്ലാവരേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

റോഡ് സൈന്യം അടക്കുകയും ചെയ്തു. ഇതിനിടെ കാര്‍ പുല്‍വാമയിലേക്ക് പ്രവേശിച്ചെങ്കിലും കാര്‍ നിര്‍ത്തിയിട്ട് കാറിലുണ്ടായിരുന്ന ആളുകള്‍ രക്ഷപ്പെട്ടുവെന്നുമാണ് സൈന്യം പറയുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിലെ ഡ്രമ്മില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് കണ്ടെത്തി. എന്നാല്‍ കാര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക സുരക്ഷിതമല്ലെന്ന് അറിഞ്ഞതോടെ കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തിന് സമീപത്തായി വെച്ച് തന്നെ സ്‌ഫോടനം നടത്തുകയായിരുന്നെന്ന് സൈന്യം അറിയിച്ചു.

പുല്‍വാമയിലെ നഗരപ്രദേശത്ത് സ്‌ഫോടനം നടത്താന്‍ തീവ്രവാദികള്‍ ലക്ഷ്യമിട്ടതായ വിവരമാണ് ലഭിച്ചതെന്ന് സൈന്യം പറഞ്ഞു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here