gnn24x7

പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമയില്‍ കാവി പൂശിയ സംഭവത്തിനെതിരെ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി

0
187
gnn24x7

ന്യൂദല്‍ഹി: പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമയില്‍ കാവി പൂശിയ സംഭവത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴില്‍ ട്വീറ്റ് ചെയ്തായിരുന്നു കാവി പൂശിയതിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്.

‘എവളവ് തീവ്രമാന വെറുപ്പും ഒരു മഹത്താന തലൈവരൈ കളങ്കപ്പെടുത്ത മുടിയാത്’ (എത്ര തീവ്രമായ വെറുപ്പ് ഉപയോഗിച്ചും മഹത്തായ ഒരു നേതാവിനെ കളങ്കപ്പെടുത്താന്‍ കഴിയില്ല) എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിലെ സുന്ദരാപുരം ജങ്ഷനിലെ പെരിയാര്‍ പ്രതിമയില്‍ അജ്ഞാതസംഘം കാവി പൂശിയത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തതോടെ ഹിന്ദുത്വ സംഘടനയായ ഭാരത് സേന പ്രവര്‍ത്തകന്‍ കീഴടങ്ങിയിരുന്നു.

പോത്തന്നൂര്‍ അണ്ണാനഗര്‍ സ്വദേശി അരുണ്‍ കൃഷ്ണനാണ് പൊലീസില്‍ കീഴടങ്ങിയത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ഹിന്ദു ദൈവമായ മുരുകനെ വര്‍ണിക്കുന്ന ‘കണ്ട ശാസ്തി കവസം’ എന്ന ഭക്തിഗാനത്തെക്കുറിച്ച് ‘കറുപ്പര്‍ കൊട്ടം’ എന്ന പേരായ യൂടൂബ് ചാനലില്‍ വീഡിയോ വന്നിരുന്നു.

ഇതേതുടര്‍ന്ന് പെരിയാറിനെ പിന്തുണയ്ക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെ തുടര്‍ന്നാണ് പെരിയാറിന്റെ പ്രതിമ നശിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. ഹിന്ദുത്വ വികാരം വ്രണപ്പെടുത്തുന്നെന്ന് കാണിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

25 വര്‍ഷം മുമ്പാണ് തന്തൈ പെരിയാര്‍ രാമസ്വാമിയുടെ പ്രതിമ നിര്‍മിച്ചത്. ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

2020 ജനുവരിയിലും തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ടിലെ പെരിയാറിന്റെ പ്രതിമ നശിപ്പിച്ചിരുന്നു. ഈ പ്രതിമയുടെ വലത് കൈയ്യും മുഖവും തകര്‍ത്ത നിലയിലായിരുന്നു കണ്ടത്.

പെരിയാറിനെക്കുറിച്ച് നടന്‍ രജനീകാന്ത് നടത്തിയ വിവാദ പരാമര്‍ശത്തിന് ശേഷമാണ് അന്ന് പ്രതിമ തകര്‍ത്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here