ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി നിയമം (CAA) പാസാക്കിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഡല്‍ഹിയിലെ ഒരു ചെറിയ പ്രദേശമായ ഷാഹീന്‍ ബാഗ്.
കഴിഞ്ഞ 2 മാസത്തോളമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ സംഘം പ്രദേശത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന സമരം എന്ന നിലയിലാണ് ഷാഹീന്‍ ബാഗ് വാര്‍ത്തകളില്‍ ഇടം നേടിയത്.
അതേസമയം, ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കും വരെ ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാരെ നീക്കം ചെയ്യില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ഫെബ്രുവരി 8ന് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്നും കാളിന്ദി കുഞ്ച്-ഷഹീൻ ബാഗ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നും ആവശ്യം ഉയരുകയാണ്.
ഈയവസരത്തിലാണ് പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ അമിത് സാഹ്നി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ 20നാണ് അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്. ഫെബ്രുവരി 7ന് ഹര്‍ജി പരിഗണിച്ച കോടതി, വാദം കേള്‍ക്കല്‍ 10ലേയ്ക്ക് മാറ്റുകയായിരുന്നു.