gnn24x7

തീവ്ര ഹിന്ദുത്വത്തിന്‍റെ വഴിയെ MNS, പുതിയ പതാക പുറത്തിറക്കി!

0
371
gnn24x7

മുംബൈ: ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ 94-ാം ജന്മദിനത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (MNS). 

അതിന്‍റെ ഭാഗമായി പാര്‍ട്ടിയുടെ പതാക മാറ്റി. ഓറഞ്ച്, നീല, പച്ച എന്നീ നിറങ്ങളിലായിരുന്നു MNSന്‍റെ പതാക. ഇപ്പോള്‍ അത് മാറ്റി പാര്‍ട്ടിയുടെ പതാക പൂര്‍ണമായും കാവിയിലേക്ക് മാറുകയാണ്.
കാവി നിറമുള്ള പതാകയില്‍ ശിവാജി മഹാരാജിന്‍റെ കാലത്തെ രാജ മുദ്രയാണ് പതിപ്പിചിരിക്കുന്നത്. 

ശിവസേന ഹിന്ദുത്വ നിലപാട് മയപ്പെടുത്തിയപ്പോള്‍, തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ് MNS  എന്നാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പതാക മാറ്റിയതിനൊപ്പം രാജ് താക്കറേയുടെ മകന്‍ അമിത് താക്കറേയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം കൂടിയാണ് ഇന്ന് നടന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ അമിത് താക്കറേയുടെ പദവി എന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഹിന്ദുത്വ അജൻഡയിൽ വിട്ടുവീഴ്ചകളോടെ ശിവസേന കോൺഗ്രസുമായി കൈകോർത്തതിനു പിന്നാലെ ഹിന്ദുത്വ നിലപാടുകൾ തീവ്രമാക്കി ശിവസേനയുടെ പഴയ ഇടം പിടിക്കാനാണ് രാജ് താക്കറെയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍. അതിന് പല കാരണങ്ങളുമുണ്ട്. അടുത്തിടെ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസുമായി രാജ് താക്കറേ കൂടിക്കാഴ്ച നടത്തിയിരുന്നു. 

2006ലാണ് ശിവസേനയുമായി ഇടഞ്ഞ് രാജ് താക്കറേ MNS  രൂപീകരിക്കുന്നത്. 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 13 സീറ്റില്‍ വിജയിക്കാന്‍ MNSന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി പിന്നോട്ടുപോയി. എന്നാല്‍ 2019ല്‍ ഒരുസീറ്റാണ് പാര്‍ട്ടി നേടിയത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാന്‍ രാജ് താക്കറേ തയ്യാറെടുക്കുന്നത്. 

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ സഹോദരന്‍ ശ്രീകാന്ത് താക്കറെയുടെ മകനാണ് രാജ് താക്കറെ. ശിവസേനയിൽ ബാൽ താക്കറേയുടെ സന്തതസഹചാരിയായിരുന്നു രാജ്. എന്നാൽ, തന്നെ തഴഞ്ഞ് മകൻ ഉദ്ധവിനെ ശിവസേനയുടെ തലപ്പത്തേക്ക് ബാൽ താക്കറെ ഉയർത്തിക്കൊണ്ടുവന്നതോടെ 2006ലാണ് രാജ് ശിവസേന വിട്ടതും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (MNS) രൂപീകരിക്കുന്നതും. 

പാര്‍ട്ടി രൂപീകരിച്ച് ഇത്രയും വര്‍ഷമായിട്ടും മഹാരാഷ്ട്രയില്‍ നിര്‍ണ്ണായക ശക്തിയായി മാറാന്‍ MNSന് ഇതുവരെ കഴിഞ്ഞില്ല. ആ അവസരത്തിലാണ് ശിവസേന ബിജെപിയുമായി സഖ്യം ഉപേക്ഷിക്കുന്നത്. ഈ അവസരം തന്ത്രപരമായി വിനിയോഗിക്കാനാണ് MNSന്‍റെ നീക്കം.

ബിജെപിയുമായി സഖ്യം ചേരാനുള്ള തയ്യാറെടുപ്പിലാണ് MNS എന്നും തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് MNS മാറുന്നതിന് ബിജെപിയുടെ പിന്തുണയുള്ളതായുമാണ്‌ സൂചന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here