ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിലൂടെ സമാഹരിച്ച തുക ദേശീയ ദുരന്ത നിവാരണ നിധിയിലേക്ക് (NDRF) മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് പ്രധാനമന്ത്രി പിഎം കെയേഴ്സ് എന്ന പേരിൽ ധനസമാഹരണം ആരംഭിച്ചത്. ഈ പണം ചാരിറ്റബിൾ ട്രസ്റ്റുകളുടെ പണമാണെന്നായിരുന്നു എൻഡിആർഎഫിലേക്ക് മാറ്റണമെന്ന ഹർജി തള്ളി സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്നത് ഉചിതമെന്ന് സർക്കാരിന് തോന്നിയാൽ അങ്ങനെയാകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
പിഎം കെയേഴ്സ് ഫണ്ട് ദുരന്തനിവാരണ നിയമത്തിന്‍റെ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു എൻജിഒയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഫണ്ടിൽ നിലവിലുള്ളതും ഭാവിയിലെ ഫണ്ട് ശേഖരണവും സംഭാവനകളും ഗ്രാന്‍റുകളും അടക്കം എൻഡിആർഎഫിലേക്ക് മാറ്റാൻ നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജസ്റ്റിസ് അശോക് ഭൂഷണ്‍,ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
കോവിഡ് 19 പോലെ അപ്രതീക്ഷിതമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിൽ ദുരിതാശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മാർച്ച് 28നാണ് പിഎം കെയെഴ്സ് ഫണ്ട് രൂപീകരിച്ചത്. ഇത്തരമൊരു ഫണ്ടിന്‍റെ ആവശ്യകതയും അതിന്‍റെ നിയമ സാധുതയും ചോദ്യം ചെയ്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും നേരത്തെ രംഗത്തെത്തിയിട്ടുണ്ട്.




































