മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടും മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള വാക്‌പോര് തുടരവേ മുംബൈയിലുള്ള കങ്കണയുടെ ഓഫീസ് പൊളിക്കാനുള്ള നടപടികള്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചു കഴിഞ്ഞു.
നിയമവിരുദ്ധമായാണ് നിര്‍മാണം നടത്തിയതെന്നാരോപിച്ചാണ് കങ്കണയുടെ മുബൈയിലെ പോഷ് പലി ഹില്‍ ഏരിയയിലുള്ള മണികര്‍ണിക ഫിലിം ഓഫീസ് പൊളിച്ചുനീക്കാന്‍ ബി.എം.സി നടപടികള്‍ ആരംഭിച്ചത്.
മുംബൈയിലെ തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രം പോലെയാണെന്നും ബാബര്‍ അത് പൊളിച്ചു മാറ്റാന്‍ എത്തിയിരിക്കുകയാണെന്നുമായിരുന്നു കങ്കണ റണൗത്ത് ഇതില്‍ പ്രതികരിച്ചത്.
ചൊവ്വാഴ്ചയാണ് ഓഫീസ് പൊളിച്ചുമാറ്റുകയാണെന്ന് അറിയിച്ചുകൊണ്ട് ബി.എം.സി കങ്കണയ്ക്ക് നോട്ടീസ് നല്‍കിയത്. എം.എം.എസി ആക്ടിലെ സെക്ഷന്‍ 351 പ്രകാരമാണ് ഓഫീസ് പൊളിച്ചുമാറ്റുന്നതെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞത്.
24 മണിക്കൂറിനകം നോട്ടീസിന് പ്രതികരണം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വൈകാരികമായ ഒരു കുറിപ്പുമായി കങ്കണ ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. ഏറെ പ്രതീക്ഷയോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത എന്റെ ഓഫീസ് കെട്ടിടം തകര്‍ക്കുന്നതില്‍ അങ്ങേയറ്റം വിഷമമുണ്ടെന്നായിരുന്നു കങ്കണ പ്രതികരിച്ചത്.
എന്നാല്‍ ഓഫീസ് പൊളിച്ചുമാറ്റുന്നത് സര്‍ക്കാരിന്റെ പ്രതികാര നടപടിയൊന്നുമല്ലെന്നും അനധികൃതമായ നിര്‍മാണമായതുകൊണ്ട് മാത്രമാണ് ഇത്തരമൊരു കാര്യത്തിലേക്ക് കടന്നതെന്നുമാണ് ബി.എം.സി നല്‍കുന്ന വിശദീകരണം.
കെട്ടിടം അനധികൃതമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ 11 കാരണമാണ് ബി.എം.സി നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്.
1. താഴത്തെ നിലയിലുള്ള ടോയ്‌ലറ്റ് നിയമവിരുദ്ധമായി ഓഫീസ് ക്യാബിനാക്കി മാറ്റി.
2. താഴത്തെ നിലയിലുള്ള സ്റ്റോര്‍ റൂമില്‍ അനധികൃതമായി അടുക്കള നിര്‍മ്മിച്ചു.
3. സ്റ്റോറിനുള്ളിലെ ഗോവണിക്ക് സമീപം നിയമവിരുദ്ധമായി പുതിയ ടോയ്‌ലറ്റ് നിര്‍മ്മിച്ചു. താഴത്തെ നിലയിലെ പാര്‍ക്കിങ് ഏരിയയ്ക്ക് സമീപമായുള്ള ടോയ്‌ലറ്റ് നിര്‍മ്മാണവും ചട്ടങ്ങള്‍ ലംഘിച്ചാണ്.
4. താഴത്തെ നിലയില്‍ അനധികൃതമായി പാചകപ്പുര നിര്‍മ്മിച്ചു
5. ഒന്നാം നിലയിലെ സ്വീകരണമുറിയില്‍ തടികൊണ്ട് വിഭജിച്ചുള്ള ക്യാബിന്‍ നിര്‍മാണം അനധികൃതമാണ്.
6. ഒന്നാം നിലയിലെ പൂജ മുറിയില്‍ നിര്‍മ്മിച്ച മരം കൊണ്ട് വിഭജിച്ച് മീറ്റിങ് റൂം നിര്‍മ്മിച്ചതും നിയമവിരുദ്ധമായാണ്.
7. ഒന്നാം നിലയിലെ തുറന്ന പ്രദേശത്ത് ഇഷ്ടിക കൊത്തുപണികള്‍ കൊണ്ട് നിര്‍മിച്ച മതിലും ടോയ്‌ലറ്റ് നിര്‍മാണവും നിയമം അനുശാസിക്കുന്ന വിധത്തിലല്ല.
8. രണ്ടാം നിലയിലെ മുന്‍വശത്തായുള്ള പുതിയ നിര്‍മാണങ്ങളെല്ലാം അനധികൃതമായിട്ടാണ്.
9. ബംഗ്ലാവിന്റെ നമ്പര്‍ 4ഉം നമ്പര്‍ 5 ഉം മുറികള്‍ തമ്മിലുള്ള മതില്‍ നീക്കം ചെയ്ത് ഒന്നിച്ചാക്കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്.
10. തൊട്ടടുത്ത കിടപ്പുമുറിയുടെ ടോയ്ലറ്റ് ( ബംഗ്ലാവ് നമ്പര്‍ 4) നീക്കംചെയ്തതായി കണ്ടെത്തി, അതേ സ്ഥലം രണ്ടാം നിലയിലെ താമസത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തി.
11. കെട്ടിടത്തിലേക്കുള്ള പ്രധാനഗേറ്റിന്റെ മുഖം മാറ്റിയിട്ടുണ്ട്. ഇത് ചെയ്തിരിക്കുന്നത് നിയമം അനുശാസിക്കുന്ന നിലയിലല്ല
എന്നിങ്ങനെയുള്ള 11 കാരണങ്ങളാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇന്ന് രാവിലെയാണ് തന്റെ ഓഫീസും ഉടമസ്ഥതിയിലുള്ള കെട്ടിടങ്ങളും ചിലര്‍ തകര്‍ത്തുവെന്ന് കങ്കണ ട്വീറ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ഗുണ്ടകളാണ് ഇതിനു പിന്നിലെന്നാണ് കങ്കണ പറഞ്ഞത്.
മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പോര് മുറുകിയത്. തുടര്‍ന്ന് നടിയ്ക്ക് മുംബൈയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ശിവസേന നേതാക്കള്‍ പറഞ്ഞിരുന്നു.
കങ്കണയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് പറഞ്ഞത്. എന്നാല്‍ ഞാന്‍ സെപ്റ്റംബര്‍ 9 ന് മുബൈയില്‍ എത്തുമെന്നും ആദ്യം കാണുന്നത് സജ്ജയ് റാവത്തിനെയായിരിക്കുമെന്നുമാണ് കങ്കണ മറുപടി നല്‍കിയിരുന്നു.
കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിന്റെ പേരില്‍ ജയിലില്‍ പോവാനും തനിക്ക് മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായികും പറഞ്ഞിരുന്നു. മുംബൈയില്‍ ജീവിക്കാന്‍ കങ്കണ റണൗത്തിന് യാതൊരു അവകാശവുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും പറഞ്ഞിരുന്നു.
വിവാദങ്ങള്‍ക്കൊടുവില്‍ കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരികയും ചെയ്തിരുന്നു. മൊഹാലിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയിലാണ് നടിയിപ്പോള്‍
ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍, കമാന്‍ഡോകള്‍, ഉള്‍പ്പെടെ 11 പൊലീസുകാര്‍ കങ്കണയുടെ സുരക്ഷയ്ക്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.






































