gnn24x7

മതസൗഹാർദ്ദത്തിന് വിഘാതമാകുന്ന തരത്തിൽ ഡൽഹി കലാപത്തെ റിപ്പോർട്ട് ചെയ്തു; രണ്ട് മലയാളം വാർത്താചാനലുകൾക്ക് 48 മണിക്കൂർ വിലക്ക്

0
209
gnn24x7

ന്യൂഡൽഹി: മതസൗഹാർദ്ദത്തിന് വിഘാതമാകുന്ന തരത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് കേരളത്തിലെ രണ്ട് പ്രമുഖ വാർത്താ ചാനലുകളുടെ പ്രക്ഷേപണം വെള്ളിയാഴ്ച വൈകിട്ട് മുതൽ 48 മണിക്കൂർ നേരത്തേക്ക് വിലക്കിക്കൊണ്ട് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉത്തരവിട്ടു. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളുടെ സംപ്രേക്ഷണമാണ് നിർത്തിവെപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.30 മുതലാണ് എല്ലാ പ്ലാറ്റ്ഫോമിലുമുള്ള ഈ രണ്ട് ചാനലുകളുടെയും സംപ്രേക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ആറു മണിക്കൂറിന് ശേഷം ഏഷ്യാനെറ്റിന്‍റെ വിലക്ക് പിൻവലിച്ചു.

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തുമായി ബന്ധപ്പെട്ട് മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിന് ഇവർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത്. 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്റ്റ് പ്രകാരം നിർദ്ദേശിച്ചിട്ടുള്ള പ്രോഗ്രാം കോഡ് ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലുകൾക്കെതിരെ നടപടിയെടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരാധനാലയങ്ങൾക്കുനേരെയുള്ള അതിക്രമം എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോട് പക്ഷം പിടിച്ചെന്നുമാണ് ഈ ചാനലുകൾക്കെതിരായ ആക്ഷേപം. ആർ.എസ്.എസിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചത് മീഡിയവണ്ണിന്‍റെ പിഴവായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേന്ദ്രസർക്കാർ നടപടി ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ് പറഞ്ഞു. സത്യസന്ധവും സ്വതന്ത്രവുമായ വാർത്താ റിപ്പോർട്ടിങ്ങിനുമേലുള്ള കടന്നുകയറ്റമാണ് സർക്കാർ നടപടി. ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ മീഡിയ വൺ നിയമപരമായി പോരാടുമെന്നും വാർത്താകുറിപ്പിൽ സി.എൽ തോമസ് വ്യക്തമാക്കി.

മാർച്ച് 6 ന് രാത്രി 7.30 മുതൽ മാർച്ച് 8 ന് രാത്രി 7.30 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിലുടനീളമുള്ള എല്ലാ പ്ലാറ്റ്ഫോമിലും 48 മണിക്കൂർ നേരം ഈ രണ്ട് ചാനലുകളും പ്രക്ഷേപണം ചെയ്യുന്നതും പുനഃപ്രക്ഷേപണവും കേന്ദ്രസർക്കാർ നിരോധിക്കുകയായിരുന്നു.കലാപബാധിതപ്രദേശങ്ങളിലെ സാഹചര്യം വളരെ മോശമായിരിക്കുമ്പോൾ സാമുദായിക സ്പർദ്ധ വർദ്ധിപ്പിക്കാൻ ഇടയാക്കുംവിധം വാർത്ത റിപ്പോർട്ട് ചെയ്തതിനാണ് നടപടിയെടുത്തതെന്ന് വാർത്താവിതരണമന്ത്രാലയം ഈ ചാനലുകൾക്ക് നൽകി നോട്ടീസിൽ വ്യക്തമാക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here