ന്യൂഡൽഹി: ആസാദി പാടി പുതുവർഷപ്പിറവിയിൽ സമരച്ചൂട് പകർന്ന് ശാഹീൻ ബാഗിലെ സ്ത്രീകളുടെയും കുട്ടികളുടെയും സമരവേദിയിൽ ഡൽഹി. ട്വിറ്ററിൽ ആരംഭിച്ച ‘പുതുവർഷരാവ് ശാഹീൻ ബാഗിലെ സ്ത്രീസമരക്കാർക്കൊപ്പം’ എന്ന കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് തുടങ്ങിയ പ്രതിഷേധ ആഘോഷ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. മരംകോച്ചുന്ന തണുപ്പ് വകവെക്കാതെ 18 ദിവസമായി സമരരംഗത്തുള്ള സ്ത്രീകൾക്ക് കൂടുതൽ ആവേശംപകരുന്നതായിരുന്നു 2020 ന്റെ തുടക്കം.
കൈക്കുഞ്ഞ് മുതൽ 80 വയസ്സുവരെയുള്ള സ്ത്രീകളും നോയിഡ കാളിന്ദികുഞ്ച് ദേശീയപാതയിൽ നടത്തുന്ന സമരത്തിലുണ്ട്. അവഗണിച്ച് സമരം പൊളിക്കാൻ അധികൃതർ ആദ്യം ശ്രമിച്ചെങ്കിലും കൂടുതൽ സ്ത്രീകൾ രംഗത്തിറങ്ങിയതോടെ പൊലീസ് അടക്കമുള്ളവർക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സമരത്തെ തുടർന്ന് നോയിഡ കാളിന്ദികുഞ്ച് ആറുവരിപ്പാത അടച്ചിട്ട് 18 ദിവസമായി. പൗരത്വ ഭേദഗതി നിയമം പിൻവലിച്ചിട്ടേ വീടുകളിലേക്ക് മടങ്ങൂവെന്ന നിലപാടിലാണ് സമരക്കാർ. ജാമിഅ മില്ലിയ്യ സർവകലാശാലക്കു മുന്നിൽ ജാമിഅ ഏകോപന സമിതി നടത്തുന്ന സമരവേദിയിൽ പുതുവർഷരാവിൽ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഐക്യദാർഢ്യവുമായി എത്തി.
2020െൻറ ആദ്യ ദിവസമായ ബുധനാഴ്ച ജാമിഅ സമരക്കാർക്ക് ഐക്യദാർഢ്യവുമായി ബോളിവുഡ് താരങ്ങളായ സ്വര ഭാസ്കർ, സഞ്ജയ് രജൗര, പ്രകാശ്രാജ് തുടങ്ങിയവർ എത്തുന്നുണ്ട്. കാമ്പസിെൻറ ഏഴാം നമ്പർ ഗേറ്റിനു മുന്നിൽ വൈകീട്ട് മൂന്നുമുതൽ അഞ്ചുമണിവരെ ഇവർ സമരക്കാർക്കൊപ്പം പങ്കുചേരും. NEW YEAR REVOLUTION എന്നാണ് ജാമിയ സർവകലാശാലയിലെ ആഘോഷ പരിപാടിയുടെ പേര്. ഡൽഹി സാകേതിലും സി.എ.എക്കെതിരെ പ്രതിഷേധിച്ചാണ് പുതുവർഷത്തെ വരവേറ്റത്. അതേസമയം, ചെന്നൈയിൽ പുതുവത്സരാഘോഷം ബഹിഷ്കരിച്ച് ഇടത് വിദ്യാർത്ഥി കൂട്ടായ്മയുടെ രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാർച്ച് നടത്തി.
കേരളത്തില്‍ പലയിടത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കൊപ്പമായിരുന്നു പുതുവത്സരാഘോഷം. മലപ്പുറം കുന്നുമ്മലിൽ യൂത്ത് ലീഗ് ഫ്രറ്റേണിറ്റി പ്രവർത്തകർ റോഡിൽ കുത്തിയിരുന്നും പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചുമാണ് പുതുവർഷത്തെ വരവേറ്റത്. കണ്ണൂരിൽ സമരക്കാര്‍ മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ ആണ് പരിപാടികൾ നടക്കുന്നത്. രഹസ്യ അന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് പ്രതിഷേധങ്ങൾക്ക് പൊലീസ് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വിദ്വേഷത്തിന്റെ ആൾരൂപത്തെ കത്തിച്ചാണ് ഇത്തവണ കാസര്‍കോട് പുതുവർഷം ആഘോഷിച്ചത്.