റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍ വരും. സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവരും ആഭ്യന്തര സര്‍വീസുകളില്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവരും 10 റിയാല്‍ വീതമാണ് നല്‍കേണ്ടത്.
ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതലുള്ള യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കിനൊപ്പം നികുതിയും ചേര്‍ത്തായിരിക്കും വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.
വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായാണ് നികുതി ഈടാക്കുന്നത്. അതേസമയം, ചെറിയ കുട്ടികള്‍, വിമാന ജീവനക്കാര്‍, വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ വിമാനത്തില്‍ തന്നെയിരിക്കുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരില്‍ നിന്ന് നികുതി ഈടാക്കില്ല.
എയര്‍പോര്‍ട്ട് ടാക്സ് തുകയ്ക്ക് കണക്കായി മൂല്യവര്‍ദ്ധിത നികുതിയും ഈടാക്കും. എല്ലാ മൂന്ന് വര്‍ഷത്തിലും നികുതി നിരക്ക് പുനഃപരിശോധിക്കാനാണ് തീരുമാനം.