gnn24x7

വ്ളാദിമിർ പുടിനെതിരെ വീണ്ടും വധശ്രമം

0
516
gnn24x7

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതായി യുക്രൈൻ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. രണ്ട് മാസം മുമ്പ് റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ള കോക്കസസ് മേഖലയിലാണ് പുതിനെ വധിക്കാനുള്ള ശ്രമം നടന്നതെന്ന് ‘യുക്രൈൻസ്ക പ്രവ്ദ’യ്ക്ക് നൽകിയ അഭിമുഖത്തിൽ യുക്രൈൻ ഡിഫൻസ് ഇന്റലിജൻസ് മേധാവി കിരിലോ ബുദനോവ് പറഞ്ഞു.

റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടയിലും പുടിന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിലാണ് പുതിൻ വധശ്രമത്തെ അതിജീവിച്ചതായുള്ള വാർത്ത യുക്രൈൻ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ബുദനോവിന്റെ അവകാശവാദം ഇതുവരെ റഷ്യ സ്ഥിരീകരിച്ചിട്ടില്ല. അഞ്ചോളം വധശ്രമങ്ങളിൽ നിന്ന് താൻ രക്ഷപ്പെട്ടതായും തന്റെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയില്ലെന്നും 2017-ൽ പുടിൻ അറിയിച്ചിരുന്നു.വളരെ കുറച്ച് പേർക്ക് മാത്രമേ പുതിനുമായി ഇടപെടാൻ നിലവിൽ അവസരം ലഭിക്കുന്നുള്ളുവെന്നും ബാക്കിയുള്ളവരുമായി പുടിൻ അകലം പാലിക്കുകയാണെന്നും ബുദനോവ് അഭിമുഖത്തിൽ പറഞ്ഞു. എല്ലാക്കാലവും അധികാരത്തിൽ തുടരാമെന്നാണ് പുടിന്റെ വ്യാമോഹം. എന്നാൽ ലോകത്തിലെ എല്ലാ ഏകാധിപതികൾക്കും സംഭവിച്ചതുതന്നെയാണ് പുടിനേയും കാത്തിരിക്കുന്നതെന്നും ബുദനോവ് കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് മധ്യത്തോടെ റഷ്യ-യുക്രൈൻ യുദ്ധം നിർണായക ഘട്ടത്തിൽ എത്തുമെന്നും 2022 അവസാനത്തോടെ യുദ്ധം പരിസമാപ്തിയിലേക്ക് നീങ്ങുമെന്നും മേയ് ആദ്യം ‘സ്കൈ ന്യൂസി’നോട് സംസാരിക്കവെ ബുദനോവ് അവകാശപ്പെട്ടിരുന്നു. റഷ്യയുടെ നേതൃത്വം പുടിനിൽ നിന്ന് മാറ്റപ്പെടുമെന്നും ബുദനോവ് പറയുകയുണ്ടായി.

റഷ്യയിൽ ഭരണ അട്ടിമറിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നും യുക്രൈൻ രഹസ്യാന്വേഷണ മേധാവിയായ ബുദനോവ് സൂചിപ്പിച്ചിരുന്നു.പുടിന് പാർക്കിൻസൺസ് രോഗമാണെന്നും പുതിൻ അർബുദരോഗത്തിന് ചികിത്സയിലാണെന്നും വിവിധ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇതിനിടെ ആഴ്ചകൾക്ക് മുമ്പ് പുതിൻ ഉദരസംബന്ധമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നതായാണ് റിപ്പോർട്ട്.

ശസ്ത്രക്രിയയും വിശ്രത്തിനെടുക്കുന്ന സമയവും പുടിനെ കുറച്ചുകാലത്തേക്ക് അധികാരത്തിൽ നിന്ന് അകറ്റി നിർത്താനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേവിഷയം, ബുദനോവ് അഭിമുഖത്തിൽ ഊന്നിപ്പറഞ്ഞു. നിരവധി രോഗങ്ങൾ പുടിനെ അലട്ടുന്നുണ്ടെന്നും അതിലൊന്ന് മാത്രമാണ് അർബുദമെന്നും ബുദനോവ് പറഞ്ഞു. ഇതിനിടെ അർബുദസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന പുടിൻ അധികാര കൈമാറ്റത്തിനൊരുങ്ങുന്നതായും വാർത്തകൾ വന്നിരുന്നു. റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കൊളായ് പട്രേഷേവിന് പുടിൻ അധികാരം കൈമാറാനിടയുണ്ടെന്നായിരുന്നു വാർത്ത.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here