gnn24x7

ശ്രീലങ്കയിൽ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർദന ചുമതലയേറ്റു.

0
281
gnn24x7

ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർദന ചുമതലയേറ്റു. പ്രസിഡന്റ് റെനിൽ വിക്രമസിംഗേക്ക് മുമ്പാകെ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, ഗോൾഫേസിലെ സമരപ്പന്തലുകൾ തകർത്ത പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.

പ്രധാനമന്ത്രിയായിരുന്ന റെനിൽ വിക്രമസിംഗേ രാജിവെച്ചു പ്രസിഡന്റ് ആയ സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർദനെ ചുമതലയേറ്റത്. ശ്രീലങ്ക പൊതുജന പെരമുന പാർട്ടിയുടെ മുതിർന്ന നേതാവാണ് ഗുണവർദെന. ഗോതബയ രജപക്സേയുടെ അനുകൂലിയായ ദിനേഷ് ഗുണവർധനെ, വിവിധ മന്ത്രിസഭകളിൽ നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റെനിൽ വിക്രമസിംഗേയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണവും ഉടൻ ഉണ്ടായേക്കും.

അതിനിടെ, ഗോൾഫേസിലെ പ്രതിഷേധക്കാർക്കെതിരെ അർദ്ധരാത്രിയിൽ നടന്ന പോലീസ് നടപടിയിൽ രൂക്ഷ വിമർശനമാണ് പ്രതിപക്ഷവും മറ്റു രാഷ്ട്രത്തലവന്മാരും നടത്തുന്നത്. നിരപരാധികൾക്ക് നേരെ നടന്ന ക്രൂരമായ അതിക്രമം രാജ്യന്തര തലത്തിൽ ശ്രീലങ്കക്ക്നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ കുറ്റപ്പെടുത്തി.

ഗോൾഫേസിൽ നടന്നത് അടിസ്ഥാന മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ശ്രീലങ്കൻ മനുഷ്യാവകാശ കമ്മീഷനും ആരോപിച്ചു. സൈന്യത്തിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്ന് അത്തരം നടപടികൾ ഇനി ആവർത്തിക്കരുതെന്ന നിർദേശവും കമ്മീഷൻ നൽകി. സമാധാനപരമായി നടക്കുന്ന സമരത്തിന് നേരെ അർധരാത്രി നടന്ന പൊലീസ് നടപടി ശരിയല്ലെന്ന് വിദേശ രാജ്യങ്ങളും പ്രതികരിച്ചു. എന്നാൽ, നിയമവിരുദ്ധമായി പ്രക്ഷോഭകർ കയ്യടക്കിയ പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റ് മോചിപ്പിക്കാൻ വേണ്ടിയായിരുന്നു നടപടിയെന്നാണ് പോലീസ് വിശദീകരണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here