ദോഹ: അമേരിക്കയില്‍ നിന്നും എഫ്-35 ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്ന ഖത്തറിന്റെ നീക്കം തടയുമെന്ന് ഇസ്രഈല്‍ ഇന്റലിജന്‍സ് മന്ത്രി എലി കോഹന്‍. ആഗസ്റ്റ് മാസത്തിലാണ് എഫ്-35 ജെറ്റുകള്‍ വാങ്ങുന്നതിന് യു.എ.ഇയും അമേരിക്കയും തമ്മില്‍ ധാരണയായത്. ഇതിനു പിന്നാലെയാണ് ഖത്തറിന്റെ സമാനമായ നീക്കം.
എഫ് -35 യുദ്ധവിമാനങ്ങൾ ഖത്തറിലേക്ക് വിൽക്കുന്നതിനെ ഇസ്രായേൽ എതിർക്കുമെന്നും, ഈ മേഖലയിലെ ഞങ്ങളുടെ സുരക്ഷയും സൈനിക മേധാവിത്വവുമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ. ഞങ്ങളുടെ പ്രദേശം ഇപ്പോഴും സ്വിറ്റ്സർലൻഡായി മാറിയിട്ടില്ലെന്നും എലി കോഹന്‍ പ്രതികരിച്ചു..
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ക്രാഫ്റ്റുകളായാണ് എഫ്-35 ജെറ്റ് വിമാനങ്ങള്‍. ഇസ്രഈലിന് ഇതുവരെ 16 എഫ്-35 വിമാനങ്ങളാണ് ലഭിച്ചിരിക്കുന്നത്. അമേരിക്കയും ഇസ്രഈലും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരം ഇസ്രഈലിനു ഭീഷണിയാവുന്ന ആയുധ ഇടപാട് അറബ് രാജ്യങ്ങളുമായി നടത്തുന്നതിന് അമേരിക്കയ്ക്ക് തടസ്സമുണ്ട്.
യു.എ.ഇ ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം മാത്രമാണ് അമേരിക്ക എഫ് 35 ജെറ്റുകള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ തയ്യാറായത്.