gnn24x7

കൊറോണ വൈറസിനെതിരേ മരുന്നു കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജാക്കി ചാന്‍

0
207
gnn24x7

കൊറോണ വൈറസിനെതിരേ മരുന്നു കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹോളിവുഡ് താരം ജാക്കി ചാന്‍. ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ (ഒരു മില്യണ്‍ യുവാന്‍) താന്‍ നല്‍കുമെന്ന് താരം വ്യക്തമാക്കി.

നേരത്തെ ചൈനയിലേക്ക് ദുരിതാശ്വാസമായി ജാക്കിയുടെ സഹായങ്ങള്‍ എത്തിയിരുന്നു.അതേസമയം ചൈനയില്‍ കൊറോണ മൂലമുള്ള മരണ സംഖ്യ കൂടുകയാണ്. തിങ്കളാഴ്ച മാത്രം 108 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ കൊറോണ മൂലം ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 1016 ആയി ഉയര്‍ന്നു. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.

നേരത്തെ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ചൈനയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.

ആരോഗ്യ കമ്മീഷന്‍ ചീഫ് ഉള്‍പ്പെടെയുള്ള പ്രമുഖരെയാണ് പുറത്താക്കിയിരിക്കുന്നത്. ഒപ്പം കൊറോണ പ്രതിരോധത്തിന് അനുവദിച്ച ഫണ്ട് കൃത്യമായി വിനയോഗിക്കാത്തതിന്റെ പേരില്‍ ചൈനയിലെ ലോകല്‍ റെഡ് ക്രോസ് ഡെപ്യൂട്ടി ഡയരക്ടറെയും പുറത്താക്കിയിട്ടുണ്ട്.

തിങ്കളാഴ്ചത്തെ 108 മരണത്തില്‍ 103 പേരും ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ നിന്നാണ്. 2097 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതു പ്രകാരം ചൈനയില്‍ 42,638 പേര്‍ക്ക് നിലവില്‍ കൊറോണ സ്ഥിരീകരിച്ചു. രാജ്യത്തെ 20,000 ആരോഗ്യ പ്രവര്‍ത്തകരെ വുഹാനിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

തിങ്കളാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്നു. ചൈനയില്‍ കൊറോണ പിടിപെട്ടതിനു ശേഷം ആദ്യമായാണ് ഷി പൊതു സന്ദര്‍ശനം നടത്തുന്നത്.

കൊറോണയെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഷി ജിന്‍ പിങ് സന്ദര്‍ശന ശേഷം അഭിപ്രായപ്പെട്ടത്. കൊറോണ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘവും തിങ്കളാഴ്ച ചൈനയില്‍ എത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here