ബാങ്കോക്: തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പട്ടണമായ രച്ചസിമയിലെ ഷോപ്പിങ് മാളില്‍ 21 പേരെ വെടിവെച്ച് കൊന്ന സൈനികനെ കൊലപ്പെടുത്തി. കൂട്ടക്കുരുതി നടത്തിയ 32കാരനായ സെര്‍ജന്റ് മേജര്‍ ജക്രപന്ത് തോമ്മയെ തായ് സൈന്യം വെടിവെച്ച് കൊല്ലുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് മോഷ്ടിച്ച സൈനിക ബാരക്കില്‍നിന്ന് മോഷ്ടിച്ച വാഹനവുമായി നഗരത്തിലെത്തിയാണ് ജക്രപന്ത് തോമ്മ കൂട്ടക്കുരുതി ആരംഭിച്ചത്.
സൈനിക കേന്ദ്രത്തില്‍നിന്ന് മോഷ്ടിച്ച ആയുധങ്ങളുമായി ഷോപ്പിങ് മാളിലെത്തിയ ഇയാള്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ച് വീഴ്ത്തി.
നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതോടെ അക്രമിയെ കീഴ്‌പ്പെടുത്താന്‍ നൂറുകണക്കിന് തായ് സൈന്യമാണ് നഗരത്തിലിറങ്ങിയത്.
ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കുണ്ട്. വെടിവെപ്പിന്റെ സെല്‍ഫി അടക്കമുള്ള ചിത്രങ്ങള്‍ അക്രമി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.