gnn24x7

ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് നേപ്പാളിലും

0
186
gnn24x7

നേപ്പാള്‍: ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് നേപ്പാളിലും സ്ഥിരീകരിച്ചു. 

ചൈനയില്‍ നിന്നും നേപ്പാളിലെത്തിയ വിദ്യാര്‍ത്ഥിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് നേപ്പാളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

വുഹാനിലെ സര്‍വകലാശാലയിലെ പിഎച്ച്‌ഡി വിദ്യാര്‍ത്ഥി ജനുവരി അഞ്ചിനാണ് നേപ്പാളിലേക്ക് തിരിച്ചെത്തിയത്. ജനുവരി 13ന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അഞ്ചു ദിവസത്തിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആശുപത്രി വിട്ട് മടങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍, വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ നിന്നുള്ള സ്‌പെസിമെനുകളും രക്തസാംപിളുകളും ശേഖരിച്ച ആശുപത്രി അധികൃതര്‍ അത് ഹോങ്കോങ്ങിലെ ലോകാരോഗ്യ സംഘടനയ്ക്കു പരിശോധനയ്ക്ക് നല്‍കിയിരുന്നു. ഈ പരിശോധനയിലാണ് വിദ്യാര്‍ത്ഥിയില്‍ വൈറസ് സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. 

വിദ്യാര്‍ഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങളെയും നിരീക്ഷിക്കുമെന്ന് നേപ്പാള്‍ ആരോഗ്യവകുപ്പിലെ ഡോ. ഹേമന്ത ചന്ദ്ര വ്യക്തമാക്കി. 

ആശുപത്രിയില്‍ നിന്നു മടങ്ങിയ ശേഷം വിദ്യാര്‍ത്ഥി എവിടെയൊക്കെ പോയിരുന്നതായി അറിവില്ലെന്നും ഇത് അന്വേഷിച്ച്‌ അവിടേക്കു നിരീക്ഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

യൂറോപ്പ്, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളിലും വൈറസ് ബാധയുടെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ചൈനയിലെ വുഹാനിൽ ഡിസംബറിലാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ ജനങ്ങള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

ചൈനയിലെ ഏഴ് നഗരങ്ങളിലായി രണ്ട് കോടിയോളം വരുന്ന ജനങ്ങള്‍ക്കാണ് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ചൈനീസ് പുതുവല്‍സരാഘോഷം ശനിയാഴ്ച തുടങ്ങാനിരിക്കെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏഴ് നഗരങ്ങളിലായി സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. കടുത്ത ന്യുമോണിയയാണ് ലക്ഷണം. 

തായ്‌ലാന്‍ഡ്, തയ്‌വാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ, യു.എസ്, മക്കാവു, ഹോങ്കോങ്ക്, വിയറ്റ്‌നാം, സൗദി എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here