ബാഗ്ദാദ്: അമേരിക്കന്‍ സൈന്യം ഇറാഖ് വിടാന്‍ തീരുമാനമില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍.
ഇറാഖില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ക്ക്പിന്നാലെയാണ് പ്രതിരോധസെക്രട്ടറിയുടെ വിശദീകരണം.
” എന്തുതന്നെയാലും ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല”, മാര്‍ക് എസ്‌പെറിനെ ഉദ്ധരിച്ച് സ്പുട്‌നിക്ക് റിപ്പോര്‍ട്ട് ചെയ്തു.
ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ അമേരിക്കന്‍ സൈന്യം രാജ്യം വിടണമെന്ന് ഇറാഖ് പാര്‍ലിമെന്റില്‍ അടിയന്തര യോഗം ആവശ്യപ്പെട്ടിരുന്നു. ഇറാഖിലെ മതനേതാവ് മൊക് താദ അല്‍ സദ്‌റും അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയുടെ നടപടിക്കെതിരെ ഇറാഖ് ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ പരാതി നല്‍കിയിരുന്നു. അമേരിക്കന്‍ നടപടിയെ യു.എന്‍ അപലപിക്കണമെന്ന് ഇറാഖ് ആവശ്യപ്പെട്ടിരുന്നു. ബാഗ്ദാദില്‍ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി സൈനിക നടപടിയിലുള്ള പ്രതിഷേധം ഇറാഖ് വ്യക്തമാക്കിയിരുന്നു.
തന്റെ പിതാവിന്റെ മരണം അമേരിക്കയ്ക്ക് കറുത്ത ദിനങ്ങളാണ് സമ്മാനിക്കുകയെന്ന് സുലൈമാനിയുടെ മകള്‍ അന്ത്യോപചാര ചടങ്ങില്‍ തടിച്ചു കൂടിയ ജനങ്ങളുടെ മുമ്പാകെ പറഞ്ഞിരുന്നു.
അന്ത്യോപചാര ചടങ്ങില്‍ ജനലക്ഷങ്ങളാണ് പങ്കെടുത്തത്. വന്‍ ജനാവലിക്കിടയില്‍ അമേരിക്കയുടെ മരണം എന്ന ആഹ്വാനം ഉയര്‍ന്നു വന്നിരുന്നു.
ഇറാന്‍ പരമോന്നത നേതാവിന് ഖാസിം സുലൈമാനിയുമായി അടുത്ത സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. പരമോന്നത നേതാവിനു ശേഷം ഇറാനിലെ ശക്തമായ രണ്ടാമത്തെ സാന്നിധ്യമായിരുന്നു ഖാസിം സുലൈമാനി.