ന്യൂഡല്‍ഹി: JNU വില്‍ ഞായറാഴ്ച നടന്ന ആക്രമണത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടയിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് ഐഷി ഘോഷിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.സർവകലാശാല നൽകിയ പരാതിയിൽ ഐഷി ഘോഷ് ഉൾപ്പെടെ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന അധികൃതരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.ഞായറാഴ്ച രാത്രി ജെഎൻയുവിൽ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാർത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു.
ഇതില്‍ ഡൽഹി പൊലീസിനെതിരെയും സർവകലാശാല വൈസ് ചാൻസലർക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയൻ പ്രസിഡൻറും അക്രമത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഐഷിക്കെതിരെ കേസെടുത്ത വാർത്ത പുറത്ത് വരുന്നത്.
ഇതിനിടയില്‍ ജെഎൻയുവിൽ നടന്ന അക്രമസംഭവങ്ങൾക്ക് ശേഷം പ്രതികരണവുമായി ഐഷി ഘോഷ് രംഗത്തു വന്നിരുന്നു. പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ചു പോലും പിൻവാങ്ങില്ലെന്നും താന്‍ സുരക്ഷിതയാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
സര്‍വകലാശാലയില്‍ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസേടുക്കുകയോ അക്രമികളെ കണ്ടെത്തുകയോ ചെയ്യാത്തത്തിനെതിരെ പ്രതിഷേധം പുകയുന്നതിനിടെയാണ് അക്രമത്തില്‍ പരിക്കുകള്‍ ഏറ്റവര്‍ക്കു നേരെ പൊലീസ് കേസെടുക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്.