ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ഈ വിഷയം ചര്‍ച്ച ചെയ്യാനുള്ള സ്ഥലം ഇതല്ലെന്ന്‍ രക്ഷാസമിതിയില്‍ അംഗങ്ങളായ ഭൂരിഭാഗം രാജ്യങ്ങളും പാക്കിസ്ഥാന്‍ സഖ്യക്ഷിയായ ചൈനയെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
രക്ഷാസമിതി യോഗത്തില്‍ കശ്മീര്‍ സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്ന് യുഎന്‍ രക്ഷാസമിതിയിലെ പ്രതിനിധി പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.കശ്മീര്‍ വിഷയം ആഭ്യന്തര വിഷയമാണെന്നും ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നുമായിരുന്നു മറ്റൊരു യൂറോപ്യന്‍ പ്രതിനിധിയുടെ പ്രതികരണം.
കശ്മീര്‍ വിഷയം യോഗത്തില്‍ കാര്യമായി ചര്‍ച്ച ചെയ്തില്ലെന്നാണ് യോഗത്തിനുശേഷം ചൈനീസ് അംബാസഡര്‍ പ്രതികരിച്ചത്. ചൈനയുടെ ആവശ്യപ്രകാരമാണ് കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്നലെ അടച്ചിട്ട മുറിയില്‍ യോഗം ചേര്‍ന്നത്. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി അടച്ചിട്ട മുറിയില്‍ യോഗം ചേരുന്നത്. കശ്മീര്‍ ഇന്ത്യയുടേയും പാക്കിസ്ഥാന്‍റെയും ഉഭയകക്ഷി വിഷയമാണെന്ന്‍ ആഗസ്റ്റില്‍ നടന്ന ആദ്യ യോഗത്തില്‍ തന്നെ ഭൂരിപക്ഷം രാജ്യങ്ങളും തീരുമാനം എടുത്തിരുന്നു.
അതിനു പിന്നാലെയാണ് വീണ്ടും ഈ വിഷയം ഐക്യരാഷ്ട്ര സഭയുടെ മുന്നില്‍ എത്തുന്നത്.ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ തടവിലിടുകയും വ്യാപകമായ നിരോധാജ്ഞകളും ഇന്റര്‍നെറ്റ് നിരോധനവും നടപ്പാക്കുകയും ചെയ്ത വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു ഐക്യരാഷ്ട്ര സഭ യോഗം ചേര്‍ന്നത്. യുഎസ്, ഫ്രാന്‍സ്, റഷ്യ, യു.കെ എന്നിവരാണ് ചൈനയെ കൂടാതെ യുഎന്‍ രക്ഷാ സമിതിയിലുള്ള സ്ഥിരാംഗങ്ങള്‍. ചര്‍ച്ചകളില്‍ പാക്കിസ്ഥാനും ഇന്ത്യയും പങ്കെടുത്തില്ല. അടഞ്ഞ വാതില്‍ ചര്‍ച്ചകളില്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരം അംഗങ്ങളെ മാത്രമേ ക്ഷണിക്കാറുള്ളൂ.