ടെഹ്റാൻ: ഇറാനിൽ ഓരോ ഏഴു മിനിറ്റിലും ഒരാൾ കോവിഡ് -19 ബാധിച്ചു മരിക്കുന്നുണ്ടെന്ന് അവിടുത്തെ ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് ഇറാനിൽ സ്ഥിതിഗതികൾ രൂക്ഷമാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ മണിക്കൂറുകളിൽ മാതരമായി 215 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇറാനിൽ മരണസംഖ്യ 17,405 ആയി ഉയർന്നു.
ഇറാനിൽ പുതിയതായി 2,598 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗബാധിതരുടെ എണ്ണം 312,035 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് സിമ സദാത് ലാരി പറഞ്ഞു.
ഫേസ് മാസ്കുകളോ സാമൂഹിക അകലങ്ങളോ ഇല്ലാതെ തിരക്കേറിയ ടെഹ്‌റാൻ തെരുവിൽ നിരവധി ആളുകൾ കൂട്ടംകൂടി നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടിരുന്നു.
അതേസമയം കോവിഡ് രോഗബാധിതരുടെ എണ്ണവും മരണവും സംബന്ധിച്ച് ഇറാൻ പുറത്തുവിടുന്ന കണക്ക് തെറ്റാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇറാനിലെ രോഗികളുടെ എണ്ണവും മരണനിരക്കും ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാൾ മൂന്നിരട്ടിയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ പകുതിയോടെ നിയന്ത്രണങ്ങൾ കുറച്ചതോടെയാണ് കോവിഡ്-19 മരണങ്ങൾ വർദ്ധിച്ചത്. ആരോഗ്യ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ വീണ്ടും നടപ്പാക്കുമെന്ന് ഇറാൻ അധികൃതർ അറിയിച്ചു.


































