ആഭ്യന്തര യുദ്ധങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിടുന്ന ആക്രമണങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍. ഒന്‍പത് വയസുള്ള പെണ്‍കുട്ടികള്‍ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ലൈംഗിക അടിമകളാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് സിറിയയിലുള്ളത്. സൈനിക പരിശീലനം നേടാന്‍ ആണ്‍കുട്ടികള്‍ നിര്‍ബന്ധിതരാക്കുന്നുണ്ടെന്നും പൊതുജനമധ്യത്തില്‍ വച്ച് കൊലപാതകങ്ങള്‍ നടത്താന്‍ ഇവര്‍ നിബന്ധിതരാവുന്നുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2011ല്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ക്കിടയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ഓഫ് എന്‍ക്വയറി ഫോര്‍ സിറിയയാണ് പഠന റിപ്പോര്‍ട്ട് യുഎന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.മൂനംഗങ്ങള്‍ അടങ്ങിയതായിരുന്നു കമ്മീഷന്‍.സിറിയയിലെ അതിക്രമങ്ങള്‍ കുട്ടികളെയും സ്ത്രീകളെയുമാണ് ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എട്ട് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിട്ടത് സമാനതകളില്ലാത്ത ഭീകരതയാണെന്നാണ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. പ്രത്യേക പരിശീലനം കിട്ടിയ സ്‌നൈപ്പര്‍മാര്‍ കുട്ടികളെ തെരഞ്ഞുപിടിച്ച് വെടിവയ്ക്കുന്നുണ്ട്. സ്‌നൈപ്പര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ പലപ്പോഴും കുട്ടികളെയാണ് ലക്ഷ്യമാക്കി നല്‍കിയത്.
ഓക്‌സിജന്‍ വലിച്ചെടുത്ത് പൊട്ടിത്തെറിക്കുന്ന തെര്‍മോബാറിക് ബോംബുകള്‍ കുട്ടികള്‍ക്ക് നേരെ പ്രയോഗിക്കുന്നുണ്ട്. അന്‍പത് ലക്ഷത്തോളം കുട്ടികളാണ് സിറിയയുടെ പല ഭാഗങ്ങളിലായി പാലായനം ചെയ്യേണ്ടി വന്നത്.രാജ്യത്തെ കുട്ടികളെ സംരക്ഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സിറിയന്‍ ഭരണകൂടത്തിനുണ്ടെന്നും റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.