തെഹ്റാൻ/ വാഷിങ്ടൺ: ലോകത്തെ യുദ്ധഭീതിയിലാക്കിയ അമേരിക്ക-ഇറാൻ സംഘർഷഭീതിയിൽ അയവ്. പ്രതിസന്ധി ഒഴിവാക്കാനുള്ള ഏക മാർഗം സംഘർഷ ഭീതി ഒഴിവാക്കലാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനുമായി പുതിയ വഴിയിൽ മുന്നോട്ടുപോകുന്നത് സംബന്ധിച്ച് ചർച്ചക്കും കൂടിക്കാഴ്ചക്കും പ്രസിഡൻറ് ട്രംപ് തയാറാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പെർ വ്യക്തമാക്കി. ഉപരോധം നീക്കിയ ശേഷമേ അമേരിക്കയുമായി ചർച്ചക്കുള്ളൂവെന്ന നിലപാട് ഇറാനും വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലെ പോർവിളികൾക്കുശേഷമാണ് ചർച്ചക്കുള്ള സന്നദ്ധതയിലേക്ക് എത്തിയത്.
തെഹ്റാനിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായുള്ള കൂടിക്കാഴ്ചയിലാണ് സംഘർഷ ഭീതി ഒഴിവാക്കലാണ് പ്രശ്ന പരിഹാരത്തിനുള്ള മാർഗമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി വ്യക്തമാക്കിയത്. സംഘർഷം ഒഴിവാക്കലും ചർച്ചകളുമാണ് അറബ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമെന്ന് ഇരു രാജ്യങ്ങളും അംഗീകരിച്ചതായും ഖത്തർ അമീർ പറഞ്ഞു. അറബ് മേഖലയിൽ ഏറ്റവും കൂടുതൽ അമേരിക്കൻ സൈനികരുള്ള ഖത്തറിന് ഇറാനുമായും നല്ല ബന്ധമാണുള്ളത്. അറബ് മേഖലയിലെ സുരക്ഷക്കായി കൂടുതൽ സഹകരണത്തിനും ചർച്ചകൾക്കും തീരുമാനമുണ്ടായതായി ഹസൻ റൂഹാനി പറഞ്ഞു.
തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും ഹസൻ റൂഹാനിയെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. ഇറാനുമായുള്ള സൈനിക സംഘർഷം ആഗോള സ്ഥിരതക്കും സമാധാനത്തിനും ഭീഷണിയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും വ്യക്തമാക്കി. അതേസമയം, യുെക്രയ്ൻ യാത്രാവിമാനം അബദ്ധത്തിൽ വീഴ്ത്തിയതിനെതിരെ തലസ്ഥാന നഗരിയായ തെഹ്റാനിൽ അടക്കം പ്രതിഷേധത്തിന് ഇറങ്ങിയവർക്കെതിരെ പൊലീസ് വെടിവെച്ചതായും റിപ്പോർട്ടുകളുണ്ട്.
പൊലീസ് വെടിവെപ്പിെൻറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുമുണ്ട്. എന്നാൽ, ഇക്കാര്യം ഇറാൻ പൊലീസ് നിഷേധിച്ചു. പ്രക്ഷോഭകരെ കൊലപ്പെടുത്തരുതെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇറാൻ ഭരണാധികാരികളോട് ആവശ്യപ്പെട്ടു. ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തുകയും തിരിച്ചടിയായി ഇറാൻ ഇറാഖിലെ അമേരിക്കൻ കേന്ദ്രങ്ങളിൽ മിസൈലാക്രമണം നടത്തുകയും ചെയ്തിരുന്നു.