ടെഹ്റാന്‍: 176 പേരുടെ മരണത്തിനിടയാക്കി ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നുവീണത് ഇറാന്‍ വ്യോമാക്രമണമാണെന്ന് അവകാശപ്പെട്ട് അമേരിക്കയും കാനഡയും. ബോയിങ് 737 വിമാനമാണ് ബുധനാഴ്ച സാങ്കേതിക തകരാര്‍ രേഖപ്പെടുത്തി ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ആരോപണത്തിലൂടെ ഇറാനെ പ്രതികൂട്ടിലാക്കാനാണ് അമേരിക്കന്‍ നീക്കം.
എന്നാല്‍ ഈ വാദം തള്ളുകയാണ് ഇറാന്‍. തകര്‍ന്ന ബോയിങ് വിമാനം ഇറങ്ങുമ്പോള്‍ അതേ ഉയരത്തില്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ ധാരാളം വിമാനങ്ങള്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ടുതന്നെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നുമാണ് ഇറാന്‍ അവകാശപ്പെടുന്നത്.
അതേസമയം, ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം മിസൈല്‍ ഒരു വിമാനത്തെ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. ബെല്ലിംഗ്കാറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിന്റേതാണ് ഈ ദൃശ്യങ്ങള്‍.
ഇറാനിയന്‍ വ്യോമോപരിതലത്തില്‍ നിന്ന് മിസൈല്‍ ഉപയോഗിച്ച് വിമാനം വെടിവെക്കുകയായിരുന്നെന്ന് കനേഡിയന്‍ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും വ്യാഴാഴ്ച അവകാശപ്പെട്ടു.
ടെഹ്‌റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. ഉക്രെയിന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.