ദില്ലി: വൈസ് ചാൻസലര്‍ ജഗദീഷ് കുമാറിനെ മാറ്റണമെന്ന ഉറച്ച നിലപാടിൽ നിൽക്കുന്ന ജെഎൻയു വിദ്യാര്‍ത്ഥികൾ ഇന്ന് സമരം പുനരാരംഭിക്കും . രാജീവ് ചൗക്കിലെ പ്രതിഷേധം സമരം ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച വിദ്യാര്‍ഥികള്‍ ഇന്ന് പൂര്‍വ്വാധികം ശക്തിയോടെ സമരം പുനരാരംഭിക്കുമെന്നും അറിയിച്ചു. അതേസമയം ഒന്നിന് പുറകെ ഒന്നായി വിദ്യാര്‍ത്ഥികൾ നടത്തിയ സമരപരമ്പര ദില്ലി പൊലീസിനെയും കേന്ദ്രസര്‍ക്കാരിനെയും ഒരേപോലെ സമ്മര്‍ദ്ദത്തിലാക്കി.
ജെഎൻയു വിഷയത്തിൽ നിർണായക ചർച്ച ഇന്ന്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാവിലെ ജെഎന്‍യു വൈസ് ചാൻസലര്‍ ജഗദീഷ് കുമാറുമായി ചർച്ച നടത്തും. ഉച്ചക്ക് ശേഷം വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. വിദ്യാര്‍ത്ഥികൾ ദില്ലിയിൽ തുടര്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ചർച്ചയിൽ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇന്നലെ വിദ്യാർത്ഥി യൂണിയനും മാനവവിഭവശേഷി മന്ത്രാലയവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് നടത്തിയ മാര്‍ച്ചിന് ശേഷം വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക് ഐഷി ഘോഷ് മാര്‍ച്ച് പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം സംഘര്‍ഷത്തിലാണ് കലാശിച്ചത്. നിരവധി വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയിലെ പ്രധാന റോഡുകളിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. കൂടുതൽ സേനയെ എത്തിച്ച് എല്ലാ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്ത് നീക്കിയ പൊലീസ് ഇവിടെ സാധാരണ നിലയിലേക്ക് എത്തിച്ചു.
ഉച്ചയോടെ മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് നടത്തിയ വിദ്യാര്‍ത്ഥികൾ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷം നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രാഷ്ട്പതി ഭവനിലേക്ക് വിദ്യാര്‍ത്ഥികൾ മാര്‍ച്ച് പ്രഖ്യാപിച്ചു. ഇത് പൊലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കോണാട്ട് പ്ലേസിലേക്ക് മാര്‍ച്ച് നടത്തി. ഇതും പൊലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ഇവര്‍ നേരെ രാജീവ് ചൗക്കിലേക്ക് പോവുകയായിരുന്നു. പൊലീസെത്തി അഭ്യര്‍ത്ഥിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ കൂട്ടാക്കാതിരുന്ന വിദ്യാര്‍ത്ഥികൾ പിന്നീട് സ്വമേധയാ പിൻവാങ്ങുകയായിരുന്നു.
ഇവരെ വീണ്ടും മന്ത്രിമാര്‍ഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം വിട്ടയച്ചു. എന്നാൽ ഇവരിൽ രണ്ടുപേരെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടില്ല. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിൽ വിദ്യാര്‍ത്ഥികളുടെ ശക്തമായ സമരം നടന്നു. കസ്റ്റഡിയിലുള്ളവരെ വിട്ടയച്ച ഉടൻ പ്രതിഷേധ മാര്‍ച്ച് രാജീവ് ചൗക്കിലേക്ക് മാറ്റി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതൽ സമ്മര്‍ദ്ദത്തിലായി.അതിനിടെ ജെഎൻയു ക്യാംപസിൽ സുരക്ഷ വര്‍ധിപ്പിച്ചു. ക്യാംപസിനകത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഇതിന് പുറമെ ദില്ലിയിലെ പാര്‍ലമെന്റിലേക്കുള്ള റോഡുകൾ പൊലീസ് അടച്ചു. പക്ഷെ വിസി ജഗദീഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ എന്തുവന്നാലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥി യൂണിയൻ.