gnn24x7

ബ്രിട്ടീഷ് രാജകുടുംബാംഗമെന്ന നിലയിൽ വഹിക്കുന്ന ഔദ്യോഗിക പദവികൾ ഉപേക്ഷിക്കുന്നതായി ഹാരി രാജകുമാരനും ഭാര്യ മെഗാൻ മെർക്കലും

0
269
gnn24x7

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗമെന്ന നിലയിൽ വഹിക്കുന്ന ഔദ്യോഗിക പദവികൾ ഉപേക്ഷിക്കുന്നതായി ഹാരി രാജകുമാരനും ഭാര്യ മെഗാൻ മെർക്കലും. വളരെ അപ്രതീക്ഷിതമായാണ് ബ്രിട്ടനെയും ബ്രിട്ടീഷ് രാജകുടുംബത്തെയും ഞെട്ടിച്ച് രാജകുടുംബത്തിലെ ഇളമുറക്കാരനായ ഹാരി രാജകുമാരൻ ഇന്നലെ രാത്രി ഈ തീരുമാനം വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടത്. മകൻ ആർച്ചിയോടൊപ്പം അമേരിക്കയിലും ബ്രിട്ടനിലുമായി ശിഷ്ടകാലം സ്വകാര്യ ജീവിതം നയിക്കുകയാണ് ലക്ഷ്യമെന്നും രാജകീയ ഉത്തരവാദിത്വങ്ങളിൽനിന്നും ഒഴിഞ്ഞുനിന്ന് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാൻ ശ്രമിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

എലിസബത്ത് രാജ്ഞിയുടെ ചെറുമകനും ചാൾസ്-ഡയാന ദമ്പതിമാരുടെ രണ്ടാമത്തെ മകനുമായ ഹാരിയും ഭാര്യ മെഗാനും ‘ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസെക്സ്’ എന്ന ഔദ്യോഗിക പദവിയാണ് വഹിച്ചിരുന്നത്. റോയൽ എയർഫോഴ്സിലും സേവനം അനുഷ്ഠിക്കുന്ന ഹാരി, രാജ്ഞിയുടെ പ്രതിനിധിയായി നിരവധി ചാരിറ്റികളുടെയും അസോസിയേഷനുകളുടെയും പേട്രൺ പദവിയും അലങ്കരിച്ചിരുന്നു.

വളരെ ആലോചിച്ച് ഉറപ്പിച്ചെടുത്ത തീരുമാനമാണിതെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. രാജപദവിയിലുള്ള ജീവിതം ദുഷ്കരമാണെന്ന് ഏതാനും മാസങ്ങൾക്കു മുമ്പ് നടത്തിയ ആഫ്രിക്കൻ പര്യടനത്തിനിടെ ഹാരി വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് മാധ്യമങ്ങളും ടാബ്ലോയിഡുകളും ജീവിതം നശിപ്പിക്കുമെന്ന് വിവാഹത്തിനു മുമ്പ് തന്റെ ബ്രിട്ടീഷ് സുഹൃത്തുക്കൾ മുന്നറിയിപ്പു നൽകിയിരുന്നെന്ന മെഗാന്റെ കത്തും മാധ്യമങ്ങളിൽ വിവാദമായിരുന്നു. ഇതെല്ലാം നൽകിയ സൂചനകൾ ശരിവച്ചുകൊണ്ടാണ് ഇന്നലെ ഇരുവരുടെയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മെഗാനുമായുള്ള വിവാഹശേഷം സഹോദരൻ വില്യം രാജകുമാരനുമായുള്ള ഹാരിയുടെ ബന്ധം വഷളായതും രാജപദവികൾ ഉപേക്ഷിക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.

എലിസബത്ത് രാജ്ഞിയുമായോ ഒന്നാം കിരാടാവകാശിയും പിതാവുമായ ചാൾസ് രാജകുമാരനുമായോ ആലോചിക്കാതെയാണ് ഹാരി ഇന്നലെ തന്റെ തീരുമാനം വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടതെന്നാണ് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ആറാഴ്ചത്തെ കനേഡിയൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയാണ് ഇരുവരും ഈതുസംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. ഇരുവരുടെയും തീരുമാനം ഉറ്റവർപോലും അറിയുന്നത് ടെലിവിഷനിൽ വാർത്തയായി വന്ന ശേഷമാണ്. അപ്രതീക്ഷിതമായ തീരുമാനത്തിൽ രാജകുടുംബം ദുഃഖത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. സ്വതന്ത്രമായി ജീവിക്കാനുള്ള അവരുടെ അവകാശവും ആഗ്രഹവും മനസിലാക്കുന്നുവെന്നും എന്നാൽ വളരെ സങ്കീർണമായ ഈ വിഷയം പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നുമാണ് കൊട്ടാരം വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. 

രണ്ടുവർഷം മുമ്പാണ് ഹോളിവുഡ് നടിയും മോഡലുമായ മെഗാൻ മെർക്കലും ഹാരിയും തമ്മിലുള്ള വിവാഹം നടന്നത്. അന്നുമുതൽ മാധ്യമങ്ങളുടെയും ബ്രിട്ടീഷ് പാപ്പരാസികളുടെയും ഇരകളാണ് ഇരുവരും. ഇവരിൽനിന്നുള്ള മോചനം തേടിക്കൊണ്ടുകൂടിയാണ് രാജപദവികൾ വലിച്ചെറിഞ്ഞ് കൂടുതൽ സമയം അമേരിക്കയിലേക്ക് മാറാനുള്ള ഇരുവരുടെയും തീരുമാനം. മെഗാന്റെ മാതാവും മറ്റുബന്ധുക്കളും താമസിക്കുന്നത് കാലിഫോർണിയയിലാണ്. പിതാവ് തോസ് മെർക്കൽ മെക്സിക്കോയിലും. 

ഹാരിയും മെഗാനും സ്വന്തം ബിസിനസ് ബ്രാൻഡുകൾ ആരുംഭിക്കുമെന്നും മറ്റുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. രാജപദവികൾ ഉപേക്ഷിച്ചാലും രാജകുടുംബാംഗമെന്ന നിലയിലുള്ള പൊലീസ് സുരക്ഷ ഇരുവർക്കും തുടരേണ്ടിവരും. വിൻസർ കൊട്ടാരത്തിലെ വസതിയും ഇവരുടേതായി നിലനിൽക്കും. കോമൺവെൽത്തിലും മറ്റുമുള്ള ചില ഉത്തരവാദിത്വങ്ങളും പരിപൂർണമായി വേഗം ഒഴിവാക്കാനാകില്ല. ഇറാൻ – അമേരിക്ക സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ അവയേക്കാളേറെ പ്രാധാന്യത്തിലാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ കൊട്ടാരത്തിൽനിന്നുള്ള ഈ വാർത്ത ആഘോഷമാക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here