gnn24x7

“ഒരുപാട് വലിയ ആളുകള്‍ വരുന്ന ഇടമാണ്, കാല്‍ താഴ്‌ത്തി ഇട്ട് ഇരിക്കണം”; പി ജി ഡോക്ടര്‍മാരുടെ സമരത്തിൽ ചര്‍ച്ചക്കെത്തിയ കെ എം പി ജി എ പ്രതിനിധിയെ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അപമാനിച്ചെന്ന് പരാതി

0
384
gnn24x7

തിരുവനന്തപുരം: പി ജി ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാനെത്തിയ കെ എം പി ജി എ സംസ്ഥാന പ്രസിഡന്റ് അജിത്രയെ ജീവനക്കാരന്‍ അപമാനിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ അജിത്ര സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്ത് കുത്തിയിരിക്കുകയാണ്. തന്നെ അപമാനിച്ച വ്യക്തിയുടെ പേര് അറിയുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും തന്നോട് മോശമായി പെരുമാറിയ ആളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പൊലീസുകാരും വ്യക്തമായ മറുപടി നല്‍കിയില്ലെന്നും ആളെക്കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും അജിത്ര പറഞ്ഞു.

സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കില്‍ ആരോഗ്യ വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണുന്നതിന് വേണ്ടി കാത്തിരിക്കുമ്ബോഴായിരുന്നു സംഭവം. ഐഡി കാര്‍‌ഡുള്ള ജീവനക്കാരന്‍ ഇവിടെ ഒരുപാട് വലിയ ആളുകള്‍ വരുന്നതാണെന്നും കാല്‍ താഴ്‌ത്തി ഇട്ട് ഇരിക്കാന്‍ പറഞ്ഞുവെന്നും അജിത്ര പറഞ്ഞു. തനിക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇരിക്കുന്നതെന്നും കാലിന് മുകളില്‍ കാല് കയറ്റി വച്ചിരുന്നാല്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ എങ്കില്‍ തുണിയുടുക്കാതെ നടന്നോ എന്നു പറയുകയും ചെയ്തു എന്ന് അജിത്ര പറഞ്ഞു.

അതേസമയം ഇതുവരെയായും പി ജി ഡോക്ടര്‍മാര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാന്‍ സാധിച്ചിട്ടില്ല. മന്ത്രിതലത്തില്‍ എടുത്ത തീരുമാനങ്ങള്‍ നിലനില്‍ക്കെ താഴെതട്ടില്‍ എങ്ങനെ ചര്‍ച്ച നടത്തുമെന്നാണ് അധികൃതര്‍ ചോദിക്കുന്നത്. എന്നാല്‍ ഇന്നലെ എടുത്ത തീരുമാനങ്ങളില്‍ വ്യക്ത വരുത്തുന്നതിന് വേണ്ടിയാണ് ചര്‍ച്ചക്ക് വന്നതെന്നും 12 മണിക്ക് ഇതിനായി സമയം അനുവദിച്ചരുന്നെന്നും സമരക്കാര്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here