gnn24x7

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച്; കെ.എസ് ശബരിനാഥും വി.വി രാജേഷുമുള്‍പ്പടെ 200 ലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

0
247
gnn24x7

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത 200 ലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം.എല്‍.എ കെ.എസ് ശബരിനാഥനും, ബി.ജെ.പി നേതാവ് വി.വി രാജേഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം സെക്രട്ടറിയേറ്റിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകനെതിരെയും കേസെടുത്തിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം, അന്യായമായി കൂട്ടം ചേരല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പിയും പ്രതിഷേധം സംഘടിപ്പിച്ചത്.

തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, മലപ്പുറം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയവെ പ്രതികരണവുമായി കെ.ടി ജലീല്‍ രംഗത്തെത്തിയിരുന്നു.

”കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം”, കെ.ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രി കെ.ടി ജലീല്‍ മാധ്യമങ്ങളോട് മറച്ചുവെച്ചതും ഇ.ഡി ഓഫീസില്‍ ജലീല്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പോയതുമെല്ലാം ചര്‍ച്ചയായിരുന്നു ഈ പശ്ചാത്തലത്തിലാണ് ജലീല്‍ മാധ്യമങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here