gnn24x7

മുൻ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിംഗ് അന്തരിച്ചു

0
147
gnn24x7

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിംഗ് (74) അന്തരിച്ചു. കോവിഡ് ബാധിച്ച് ഡൽഹിയിലെ എയിംസിൽ ചികിത്സയിലിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.

ആർജെഡി സ്ഥാപക നേതാക്കളിലൊരാളായ രഘുവംശ്, ലാലു പ്രസാദ് യാദവിന്‍റെ അടുത്ത ആളുകളിലൊരാളായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് യാദവിന് ഒരു തുറന്ന കത്തെഴുതി സിംഗ് പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജെഡിയുവിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങളും കനത്തിരുന്നു.

ലാലുപ്രസാദ് യാദവിന്‍റെ വിശ്വസ്തനായ രഘുവംശ് ഉയർച്ച-താഴ്ചകളിലെല്ലാം ലാലുവിനൊപ്പം ഉറച്ചുനിന്നിരുന്നു. എന്നാൽ ലാലു ജയിലിലായതിന് ശേഷം തേജസ്വി യാദവ് പാർട്ടി നേതൃത്വം ഏറ്റെടുത്തതോടെ അസ്വാരസ്യങ്ങൾ ഉടലെടുത്തതായാണ് സൂചന. മാഫിയ തലവൻ രാമ സിംഗിന്‍റെ ആർജെഡി പ്രവേശനവുമായി ബന്ധപ്പെട്ട ഭിന്നതകളെ തുടർന്ന് കുറച്ച് നാളുകൾക്ക് മുമ്പ് പാർട്ടി ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനവും അദ്ദേഹം രാജി വച്ചിരുന്നു. പാർട്ടി അംഗത്വം ഉപേക്ഷിച്ചിരുന്നില്ലെങ്കിലും ദൈനംദിന ചുമതലകളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയും ചെയ്തു. ഇതിനിടെയാണ് രോഗാവസ്ഥയിലാകുന്നത്.

തുടർന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് എല്ലാം മതിയായി എന്ന് വ്യക്തമാക്കി പാർട്ടി വിടുന്നുവെന്ന് അറിയിച്ചു കൊണ്ട് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ കത്ത് ലാലു പ്രസാദ് യാദവിനെ അഭിസംബോധന ചെയ്ത് പുറത്തുവിട്ടത്. അതിവൈകാരികമായി തന്നെ ലാലുപ്രസാദ് പ്രസാദ് ഇതിന് മറുപടി നൽകുകയും ചെയ്തിരുന്നു. മുപ്പത് വർഷം തനിക്കൊപ്പം ഉണ്ടായിരുന്ന സന്തതസഹചാരിയോട് പാർട്ടി വിടരുതെന്ന അഭ്യർഥനയാണ് ലാലു നടത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here