gnn24x7

ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകലിൽ സിബിഐ കേസെടുത്തു

0
147
gnn24x7

കൊച്ചി: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകലിൽ സിബിഐ കേസെടുത്തു. കൊച്ചി പ്രത്യേക കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ചാണ് സി.ബി.ഐ കേസെടുത്തത്. അതേസമയം കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നെന്നു ചൂണ്ടിക്കാട്ടി അനിൽ അക്കര എംഎല്‍എ സി.ബി.ഐക്ക് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്.

പരാതി നൽകിയതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ വിവരശേഖരണം നടത്തിയിരുന്നു. ലൈഫ് മിഷന്‍ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യുണിടാക് എംഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു അനിൽ അക്കരെയുടെ  ആവശ്യം. വടക്കാഞ്ചാരിയിലെ 2.17 ഏക്കറില്‍ 140 ഫ്ലാറ്റ് നിര്‍മിക്കുന്നതിന് 2019 ജൂലൈ 11നാണ് സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രസന്റുമായി ധാരണയിലെത്തിയത്.

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേസെടുക്കാൻ  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുവാദം സിബിഐക്ക് ആവശ്യമില്ല. സർക്കാർ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്ന വേളയിൽ അനുമതി തേടണമെന്നു മാത്രം.

വിദേശരാജ്യങ്ങളുമായുള്ള കരാര്‍ കേന്ദ്ര പട്ടികയില്‍പ്പെടുന്നതിനാല്‍ ധാരണാപത്രത്തിനു കേന്ദ്രാനുമതി വാങ്ങേണ്ടതുണ്ട്. കേന്ദ്രാനുമതിയില്ലാതെ കരാറുണ്ടാക്കാന്‍ കോണ്‍സുലേറ്റിനും നിര്‍മാണ കമ്പനിയായ യുണിടാക്കിനും അധികാരമില്ല. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിര്‍മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരും റെഡ് ക്രസന്റും ചേര്‍ന്നാണ്. എന്നാല്‍, ധാരണാപത്രവും ചട്ടവും അട്ടിമറിച്ച് നിര്‍മാണക്കരാര്‍ യുണിടാക്കിനു നല്‍കി. കരാര്‍ ഒപ്പിട്ടത് കോണ്‍സുലേറ്റ് ജനറലും യുണിടാക്കുമാണ്. ധാരണാപത്രത്തില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിര്‍മാണക്കരാറില്‍ കക്ഷിയായിരുന്നില്ല.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുത്തിടെ സംസ്ഥാന സർക്കാർ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണമല്ല സിബിഐ അന്വേഷണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് എം.എൽ.എയുടെ പരാതിയിൽ സി.ബി.ഐ കേസെടുത്തിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here