gnn24x7

കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം

0
218
gnn24x7

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തത്വത്തില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ പ്രധാനമായും മൂന്ന് ടെസ്റ്റുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും ഫലപ്രദമായ ടെസ്റ്റാണ് വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതി. നിലവില്‍ കേരളം പരീക്ഷിച്ചുവരുന്നതും പി.സി.ആര്‍ എന്ന ഈ ടെസ്റ്റാണ്.

രാജ്യത്ത് ഇതുവരെ നടത്തിയ എല്ലാ ടെസ്റ്റും പി.സി.ആര്‍ ആണ്. ഫലത്തിന്റെ കൃത്യതയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയെങ്കിലും ഫലം ലഭിക്കാന്‍ സമയം എടുക്കുമെന്നതാണ് ഇതിന്റെ പ്രധാന പോരായ്മ. കൂടാതെ ചിലവും കൂടുതലാണ്. ഒരു ടെസ്റ്റിന് 4000 രൂപയ്ക്കടുത്താണ് ചിലവ് കണക്കാക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനം റാപ്പിഡ് ടെസ്റ്റ് പരിശോധനയിലേക്ക് പോകുന്നത്.

ഇന്ത്യയില്‍ ഇതുവരെ റാപ്പിഡ് ടെസ്റ്റ് പരിശോധന നടത്തിയിട്ടില്ല. കേരളത്തിന് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. കേരളത്തിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. അനുമതി ലഭിക്കുന്ന പക്ഷം ഉടന്‍ തന്നെ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. എത്രയും പെട്ടെന്ന് കേരളത്തില്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കണമെന്നാണ് ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കേന്ദ്ര അനുമതി സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും കേരളത്തിന് തത്വത്തില്‍ അനുമതി ലഭിച്ചുകഴിഞ്ഞുവെന്നുമാണ് ആരോഗ്യരംഗത്തെ വിദ്ഗധര്‍ വ്യക്തമാക്കിയത്. സാങ്കേതികത്വം മാറിയാല്‍ എത്രയും പെട്ടെന്ന് റാപ്പിഡ് ടെസ്റ്റിലേക്ക് പോകാമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

നേരത്തെ പൂനെ വൈറോളജി ലാബില്‍ മാത്രമായിരുന്നു ടെസ്റ്റ് നടത്താനുള്ള അനുമതി. പിന്നീടത് കേരളത്തിലെ എട്ട് കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലുമായി അനുമതി ലഭിച്ചു.

എങ്ങനെയാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് ?

വളരെ പെട്ടെന്ന് നടത്താവുന്ന ഒരു ടെസ്റ്റാണ് റാപ്പിഡ് ടെസ്റ്റ്. നിമിഷങ്ങള്‍ക്കകം റിസള്‍ട്ട് ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേതകത. ബ്ലഡ് ഷുഗര്‍ പരിശോധിക്കുന്നതിന് സമാനമായാണ് ടെസ്റ്റ് നടത്തുക. ഇത്തരം ടെസ്റ്റുകള്‍ രോഗലക്ഷണമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ചെയ്യാം. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ ഏറ്റവും ഫലപ്രദവും ഈ ടെസ്റ്റാണ്.

വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ കണ്ടെത്തുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ദിവസങ്ങള്‍ക്കകം ശരീരം ആന്റിബോഡികള്‍ നിര്‍മ്മിച്ചു തുടങ്ങും. ഈ ആന്റിബോഡികള്‍ രക്തത്തില്‍ ഉണ്ടോ എന്ന് നോക്കുന്നതാണ് പരിശോധനാ രീതി. എലിസ ടെസ്റ്റ് വഴിയാണ് സാധാരണ ആന്റിബോഡികള്‍ കണ്ടെത്തുന്നത്.

ഇന്ത്യയില്‍ കൊവിഡ് എത്തുന്നതിന് മുന്‍പ് മറ്റു പല രാജ്യങ്ങളും റാപ്പിഡ് ടെസ്റ്റ് ഉപയോഗിച്ചിട്ടുണ്ട്. എലിസയ്ക്ക് സമാനമായ റാപ്പിഡ് ആന്റിബോഡി ടെസ്റ്റുകള്‍ കൊവിഡ് 19 ന് വേണ്ടി ചില കമ്പനികള്‍ ഇറക്കിയിട്ടുമുണ്ട്. അതേസമയം ഈ ടെസ്റ്റിന് ചില പരിമിതികളുമുണ്ട്.

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ ടെസ്റ്റ് നടത്തിയിട്ട് കാര്യമുള്ളൂ. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് തൊട്ടടുത്ത ദിവസം ടെസ്റ്റ് നടത്തുന്നതുകൊണ്ട് പ്രയോജനമില്ല. ഇത്തരമൊരു ന്യൂനത ഉണ്ടെങ്കിലും കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതാണ് ഏറ്റവും ഫലപ്രദമാണ് എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

കേരളത്തില്‍ എത്രയും പെട്ടെന്ന് റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നാണ് മെഡിക്കല്‍ വിദഗ്ധന്‍ കൂടിയായ ഡോ. സുല്‍ഫിയുടെ പ്രതികരണം. വീടുകളില്‍ പോയി ടെസ്റ്റ് ചെയ്യുന്നതിന് പകരം ആരോഗ്യ പ്രവര്‍ത്തകരിലും തെരഞ്ഞെടുത്ത ആശുപത്രികളില്‍ കഴിയുന്ന രോഗികളിലും മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തിയ ആളുകളിലും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത ആളുകളെ ടെസ്റ്റ് ചെയ്യുന്നതിലൂടെ മൊത്തത്തില്‍ ഒരു ഏകദേശ ചിത്രം ലഭിക്കും. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ഇതിലേക്ക് പോകണം’, ഡോ. സുല്‍ഫി പറഞ്ഞു.

നിലവില്‍ എങ്ങനെയാണ് ടെസ്റ്റ് നടത്തേണ്ടത് എന്ന് വ്യക്തമാക്കിക്കൊണ്ട് അഡൈ്വസറി ഓര്‍ഡര്‍ പുറത്തിറക്കിയിട്ടുണ്ട്. അനുമതി കിട്ടിയാല്‍ ഉടന്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള തയ്യാറെടുപ്പാണ് നടത്തിയിട്ടുള്ളതെന്ന് ഡോ ജയകൃഷ്ണന്‍ ന്യൂസ് 18 നോട് പ്രതികരിച്ചു.

എത്രയും പെട്ടെന്ന് റാപ്പിഡ് ടെസ്റ്റിലേക്ക് പോകണമെന്നാണ് കേരളത്തിലെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ലാബിലേക്ക് രോഗിയുടെ സ്രവം കൊണ്ടുപോകാനും ടെസ്റ്റ് റിസള്‍ട്ട് ലഭിക്കാനും ദിവസങ്ങള്‍ എടുക്കും. അതേസമയം അരമണിക്കൂര്‍ കൊണ്ട് കിട്ടുന്ന റാപ്പിഡ് ടെസ്റ്റുകള്‍ നിലവില്‍ ഉണ്ട്. രോഗിയുള്ള സ്ഥലത്ത് വെച്ച് തന്നെ റാപ്പിഡ് ടെസ്റ്റ് ചെയ്യാം. രോഗ നിര്‍ണയത്തിന് ഇത് എളുപ്പമാണ്.

രോഗം വ്യാപിക്കുന്നതോടെ പെട്ടെന്ന് അറിയാനുള്ള മാര്‍ഗം കൂടിയാണ് റാപ്പിഡ് ടെസ്റ്റ്. ഇന്ത്യയില്‍ റാപ്പിഡ് ടെസ്റ്റ് അംഗീകരിച്ചിരുന്നില്ല. ഐ.സി.എം.ആറിന്റേയും ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടേയും അനുമതി കൂടി ലഭിച്ചാല്‍ കേരളം ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം റാപ്പിഡ് ടെസ്റ്റിലേക്ക് പോകുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ റാപ്പിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ അനുമതി തേടിയിരുന്നു. കേരളത്തില്‍ ഒരു ലക്ഷത്തിന് മേലെ ആളുകള്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തിന് തത്വത്തില്‍ അനുമതി കൊടുത്തതായാണ് സൂചന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here