കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ ദിലീപിന്റെ പി ആർ ടീം ആൾമാറാട്ട വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ.
മാധ്യമപ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും അടക്കമുള്ളവരുടെ പേര് ഉൾപ്പെടുത്തിയാണ് വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ചത് എന്നും ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ചോദ്യ ചെയ്യലിന് വിളിപ്പിച്ചപ്പോൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാണിച്ചു തന്നുവെന്നുമാണ് ആലപ്പി അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. മഞ്ജു വാര്യർ, നികേഷ്, ആഷിക് അബു, സന്ധ്യ ഐ പി എസ് തുടങ്ങിയവരുടെ പേരുകളാണ് ആ വ്യാജ ഗ്രൂപ്പിൽ ഉണ്ടായിരുന്നത് എന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.
ഷോൺ ജോർജ് എന്നയാളുടെ ഫോണിൽ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്ക്രീൻ ഷോട്ടുകൾ എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.








































