കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷം വരെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വാഹനം ഓടിച്ചു കാണിക്കേണ്ടെന്ന ഇളവ് മാര്‍ച്ച് 31 വരെ. ഇതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന കേന്ദ്രം അനുവദിച്ചു.
കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടുന്നതിനുമുമ്പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്ക്് റോഡ് ടെസ്റ്റ് ഒഴിവാക്കും. അപേക്ഷാഫീസും പിഴയും അടച്ചാല്‍ ലൈസന്‍സ് പുതുക്കി നല്‍കും. ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ക്ക് ഗതാഗത സെക്രട്ടറി നിര്‍ദേശം നല്‍കി.
ഒക്ടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കേന്ദ്ര നിയമഭേദഗതിയെത്തുടര്‍ന്ന് കര്‍ശനമാക്കിയിരുന്നു. ഇതനുസരിച്ച് ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ വാഹനം ഓടിച്ചു കാണിക്കാതെ പിഴ നല്‍കി പുതുക്കാനാകുമായിരുന്നുള്ളൂ.
കേന്ദ്ര നിയമഭേദഗതി പ്രകാരം ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ലേണേഴ്‌സ്, എട്ട് അഥവാ എച്ച്, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം. പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനത്ത് നിര്‍ദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ കത്തിലൂടെ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇളവ് അനുവദിച്ചത്.