ലഖ്നോ: യു.പിയിൽ ബലാത്സംഗത്തിനിരയായ യുവതിയുടെ പിതാവിനെ കേസിലെ പ്രതി വെടിവെച്ചു കൊന്നു. ശിക്കോഹബാദിലാണ് സംഭവം. ബലാത്സംഗക്കേസ് പിൻവലിക്കാൻ തയാറാവാത്തതിനെ തുടർന്നാണ് കൊലപാതകം.
അച്ചമൻ ഉപാധ്യായ എന്നയാളാണ് 2019ൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി. കേസ് പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന്, ഇരയുടെ കുടുംബം ഇക്കാര്യം പൊലീസിൽ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
തിങ്കളാഴ്ച രാത്രിയാണ് ഇരയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നത്. സംഭവത്തെ തുടർന്ന് പൊലീസ് ഇൻസ്പെക്ടറെയും സ്റ്റേഷൻ ഹൗസ് ഓഫിസറെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഭീഷണിയുള്ള കാര്യം അറിയിച്ചിട്ടും സുരക്ഷ ഒരുക്കാത്തതിനെ തുടർന്നാണ് നടപടി.