തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ ഗുരുതര സാമ്പത്തിക തിരിമറി നടത്തിയെന്ന് സിഎജിയുടെ (കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ) കണ്ടെത്തൽ. വിവിധ ആവശ്യങ്ങൾക്കുള്ള തുക ഡിജിപി ഇടപെട്ട് വകമാറ്റി ചിലവഴിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോർട്ടിലാണ് ഡിജിപിക്കെതിരേ ഗുരുതര കണ്ടെത്തലുകളുള്ളത്.
പോലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമിക്കാനുള്ള തുക വകമാറ്റി എസ്പിമാർക്കും എഡിജിപിമാർക്കും ആഡംബര ഫ്ലാറ്റുകൾ നിർമിക്കാൻ നൽകിയെന്ന ഗുരുതര കണ്ടെത്തലാണ് സിഎജി റിപ്പോർട്ടിലുള്ളത്. ഉന്നത ഉദ്യോഗസ്ഥർക്ക് ആഡംബര ഫ്ലാറ്റുകൾ പണിയാൻ 2.81 കോടി രൂപയാണ് ഇത്തരത്തിൽ വകമാറ്റി ചിലവഴിച്ചതായി കണ്ടെത്തിയത്.
ഇതിന് പുറമേ ആഭ്യന്തരവകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തി. സ്റ്റേഷനിൽ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിന് പകരം ടെൻഡറില്ലാതെ ആഡംബര വാഹനങ്ങൾ വാങ്ങിയെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.
സർക്കാരിന്റെ അനുമതി വാങ്ങാതെ ആഡംബര കാർ വിതരണക്കാർക്ക് 33 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും ഇത് ചട്ടവിരുദ്ധമായ നടപടിയാണെന്നും റിപ്പോർട്ട് പറയുന്നു. ബുളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയപ്പോഴും മാർഗനിർദ്ദേശവും നടപടിക്രമവും പാലിച്ചില്ലെന്നാണ് സിഎജി കണ്ടെത്തൽ.
റവന്യൂ വകുപ്പിനെതിരേയും റിപ്പോർട്ടിൽ പരാമർശമുണ്ട്. മിച്ചഭൂമി ഏറ്റെടുക്കാൻ റവന്യൂവകുപ്പ് കാലതാമസം വരുത്തുന്നുവെന്ന് സിഎജി കണ്ടെത്തി. 1,588 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിലാണ് വകുപ്പ് കാലതാമസം വരുത്തിയിരിക്കുന്നത്. ഫോറൻസിക് വിഭാഗത്തിൽ പോക്സോ കേസുകൾ ഉൾപ്പടെ നിരവധി കേസുകൾ കെട്ടിക്കിടക്കുകയാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.