കൊച്ചി: ഫോർട്ട്കൊച്ചിയിൽ കടലിൽവെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കിൽനിന്നാണെന്ന് പോലീസിന്റെ നിഗമനം. ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും. പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാനും പോലീസ് നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായിട്ടുള്ള സ്ഥലത്തുവെച്ചാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതേത്തുടർന്നാണ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളും ഹാജരാക്കാൻ നാവികസേനയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.
തിങ്കളാഴ്ചയ്ക്കുള്ളിൽ തോക്കുകൾ ഹാജരാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്ന് ഈ തോക്കുകൾ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ അയച്ച് ടെസ്റ്റ് ഫയറിങ് നടത്തുമെന്നും പോലീസ് പറഞ്ഞു. സംഭവദിവസം ഐ.എൻ.എസ്. ദ്രോണാചാര്യയിൽ വെടിവെപ്പ് പരിശീലനം നടന്നിരുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഒരേസമയം, അഞ്ച് തോക്കുകൾ ഉപയോഗിച്ചാണ് പരിശീലനം നടന്നിരുന്നത്.