gnn24x7

സ്വപ്നയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സർവകലാശാലയ്ക്ക് കത്തയച്ച് പൊലീസ്

0
159
gnn24x7

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടി കേരള പൊലീസ് ഡോ. ബാബാസാഹേബ് അംബേദ്ക്കർ സർവകലാശാലയ്ക്ക് കത്തയച്ചു. ബാബാസാഹേബ് അംബേദ്ക്കർ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന ഐ.ടി വകുപ്പിൽ ജോലി നേടിയത്. ഇതു സംബന്ധിച്ച്  ഐടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടി. എം.ഡി. നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു.

വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകും.  വിശ്വാസ വഞ്ചന നടത്തി ചതിയിലൂടെ ജോലി സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്വപ്ന വ്യാജരേഖ ചമച്ചെന്നാണ് എഫ്.ഐ.ആർ. രണ്ടാംപ്രതിയായി കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ കൂപ്പേഴ്സ്, മൂന്നാംപ്രതിയായി വിഷൻ ടെക്നോളജീസ് എന്നീ പേരുകളും എഫ്.ഐ.ആറിലുണ്ട്.

സ്വപ്നയുടെ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹിബ് അംബേദ്കർ സാങ്കേതിക സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റാണ് വിവിധയിടങ്ങളിൽ ജോലിക്കായി സ്വപ്ന ഹാജരാക്കിയിരുന്നത്. എന്നാൽ ഈ സർവകലാശാലയിൽ  ബി.കോം കോഴ്സ്  ഇല്ലെന്ന് വ്യക്തമായിരുന്നു.

2008 മുതൽ 2011 വരെ സർവകലാശാലയ്ക്ക് കീഴിൽ റെഗുലറായി പഠിച്ച് ബി.കോം പൂർത്തിയാക്കിയെന്നാണ് സ്വപ്നയുടെ സർട്ടിഫിക്കറ്റിലുള്ളത്. എയർഇന്ത്യ സാറ്റ്സ്, യുഎഇ കോൺസുലേറ്റ് എന്നിവിടങ്ങളിലും ഐടി വകുപ്പിന് കീഴിലെ സ്ഥാപനത്തിലും സ്വപ്ന ജോലി നേടാൻ ഉപയോഗിച്ചതും ഇതേ സർട്ടിഫിക്കറ്റായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here