തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് കൂടുതൽ കെട്ടിടങ്ങൾ വാടകയ്ക്കെടുത്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. 5 മാസത്തിനിടെ 2 വീടും മറ്റു 3 കെട്ടിടങ്ങളുമാണ് സ്വപ്ന വാടകയ്ക്കെടുത്തത്. ഇതെല്ലാം സ്വർണം സൂക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വേണ്ടിയായിരുന്നെന്നാണ് സൂചന. പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വീണ്ടും തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
സ്വർണം കടത്തുന്നതിന് ഉപയോഗിച്ചിരുന്ന കോൺസുലേറ്റിന്റെ വാഹനത്തോടൊപ്പം പ്രതികൾ ഉപയോഗിച്ച സർക്കാർ വാഹനങ്ങളും അന്വേഷണ സംഘം പരിശോധിക്കും.
ഇതിനിടെ സ്വർണം പിടികൂടിയതിന് പിന്നാലെ മുഖം മറച്ച നാലുപേർ സ്വപ്നയുടെ ഫ്ളാറ്റിലെത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിൽനിന്ന് കസ്റ്റംസ് പിടിച്ചെടുത്ത സിസിടിവിയിൽ ഈ ദൃശ്യങ്ങളുണ്ട്. സ്വപ്ന ഫ്ളാറ്റിൽനിന്ന് പോയതിന് തൊട്ടടുത്തദിവസം രാത്രിയോടെയാണ് നാലംഗ സംഘം ഫ്ളാറ്റിലെത്തിയത്.
കഴിഞ്ഞദിവസം ഫ്ളാറ്റുടമയുടെ മകനിൽനിന്ന് എൻഐഎ സംഘം വിവരം ശേഖരിച്ചു. ഫ്ളാറ്റ് സമുച്ചയത്തിലെ ക്യാമറാദൃശ്യങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിന്റെ പകർപ്പ് കസ്റ്റംസിനോട് എൻഐഎ ആവശ്യപ്പെട്ടു. ജൂൺ 30ന് തിരുവനന്തപുരം കാർഗോ കോംപ്ലക്സിലെത്തിയ പാഴ്‌സൽ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് അധികൃതർ തുറന്നത്. ജൂലായ് അഞ്ചിനുതന്നെ സ്വപ്ന താമസസ്ഥലത്ത് നിന്നു മാറിയിരുന്നു. ഇതിനുമുമ്പുള്ള ദിവസം സ്വപ്നയോടൊപ്പം എം. ശിവശങ്കറും കാറിൽ ഫ്ളാറ്റിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചതായാണ് വിവരം.
ജൂലായ് ആറിന് രാത്രിയിൽ മുഖം മറച്ച നിലയിൽ നാലുപേർ സ്വപ്നയുടെ ഫ്ളാറ്റിലേക്ക് എത്തിയെന്ന സൂചനകളാണ് അന്വേഷണസംഘം നൽകുന്നത്. ഫ്ളാറ്റ് സമുച്ചയത്തിന്റെ താഴത്തെനിലയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇവർ മുഖം മറച്ച നിലയിലാണ്. സെക്രട്ടേറിയറ്റിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നെന്ന് സംശയിക്കുന്ന നാലുപേർ തന്നെയാകും ഫ്ളാറ്റിലെത്തിയത് എന്നാണ് പ്രാഥമിക നിഗമനം. സ്വപ്ന പോയശേഷം നാലംഗസംഘം ഫ്ളാറ്റിലെത്തി രേഖകൾ എന്തെങ്കിലും മാറ്റിയിട്ടാകാമെന്നാണ് എൻഐഎ സംശയിക്കുന്നത്.