തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴി എൻഐഎ സംഘത്തിന് മുന്നിലും ആവർത്തിച്ച് എം. ശിവശങ്കർ. കേസിലെ പ്രതികളായ സ്വപ്നയുമായും സരിത്തുമായും തനിക്ക് സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്നാണ് ശിവശങ്കർ എൻഐഎയ്ക്ക്മൊഴി നൽകിയത്.സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്നും കേസിലെ മറ്റ് പ്രതികളെ അറിയില്ലെന്നുമാണ് ശിവശങ്കറിന്റെ മൊഴി.
വിവരങ്ങൾ ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന സരിത്തിന്റെ മൊഴി ശിവശങ്കർ നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എൻഐഎ നടത്തിയ അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലാണ് ശിവശങ്കർ ഇക്കാര്യം പറഞ്ഞിരുന്നത്. പ്രതികളുമായുളള ശിവശങ്കറിന്റെ ബന്ധങ്ങളാണ് ചോദ്യംചെയ്യലിൽ ഉയർന്നത്. സ്വപ്ന സുരേഷിന്റെ ഭർത്താവ് തന്റെ ബന്ധുവാണെന്നും ആ അടുപ്പമാണ് ഇവരുടെ കുടുംബവുമായി ഉണ്ടായിരുന്നതെന്നും ശിവശങ്കർ പറഞ്ഞതായാണു വിവരം. സ്വർണക്കടത്തുകാരുമായി സ്വപ്നയ്ക്കുള്ള ബന്ധം തിരിച്ചറിയാൻ കഴിയാതിരുന്നതു വ്യക്തിപരമായ വീഴ്ചയാണ്. രഹസ്യാന്വേഷണ വിഭാഗങ്ങളൊന്നും മുന്നറിയിപ്പു നൽകിയിരുന്നില്ല. സൂചന ലഭിച്ചിരുന്നെങ്കിൽ അകറ്റി നിർത്തുമായിരുന്നെന്നും പറഞ്ഞതായാണു സൂചന. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത അറിവില്ലായിരുന്നെന്നും സൂചിപ്പിച്ചു. ഫോൺ രേഖകളും പ്രതികളുടെ വീടുകളിൽനിന്നു പിടിച്ചെടുത്ത രേഖകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യംചെയ്യൽ.
നേരത്തെ കസ്റ്റംസിന് നൽകിയ മൊഴി പരിശോധിച്ചാണ് എൻഐഎ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. കേസിൽ കൂടുതൽ തെളിവെടുപ്പിന് ശേഷം മാത്രമേ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് സൂചന.സ്വർണം പിടികൂടുന്നതിന് മുമ്പ് പ്രതികൾ ശിവശങ്കറിന്റെ ഓഫീസിലെത്തി കണ്ടോയെന്ന കാര്യം കൂടി എൻഐഎ അന്വേഷിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളും എൻഐഎ പരിശോധിക്കും. ഇതിനായി ജൂലായ് ഒന്ന് മുതൽ 12 വരെയുള്ള സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈദരാബാദിൽനിന്ന് എൻഐഎ ഡിഐജിയും ഓൺലൈൻ വഴി ചോദ്യംചെയ്യലിൽ പങ്കെടുത്തു. സ്വർണക്കടത്തിൽ ബന്ധമുള്ള മറ്റു ചിലരുടെ ചിത്രങ്ങൾ ശിവശങ്കറെ കാണിച്ചും വിശദാംശങ്ങൾ ആരാഞ്ഞതായാണു വിവരം. സ്വപ്നയ്ക്കൊപ്പം അവരെ കണ്ടിട്ടുണ്ടോയെന്നും ചോദിച്ചു. സ്വർണം കസ്റ്റംസ് തടഞ്ഞുവച്ച് 2 ദിവസത്തിനുള്ളിൽ സ്വപ്ന ശിവശങ്കറിനോടു സഹായം തേടിയതിനുള്ള തെളിവ് എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ശിവശങ്കർ സഹായം ചെയ്തോയെന്നും സഹായത്തിനു മറ്റാരെയെങ്കിലും നിയോഗിച്ചോയെന്നും അന്വേഷണസംഘം ചോദിച്ചു.