തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണം തേടി ഗവര്‍ണര്‍ രംഗത്ത്.
ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ ആരിഫ് ഖാന്‍ വിശദീകരണം ആവശ്യപ്പെട്ടത്.
ഗവര്‍ണറോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഒരു ബില്ലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഗവര്‍ണറുടെ വാദം.
അതുകൊണ്ടുതന്നെ സര്‍ക്കാരിനോട് വിശദീകരണം ആരായുമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയോട് ഗവര്‍ണറുടെ ഓഫീസ് വിശീദീകരണം ചോദിച്ചിരിക്കുന്നത്.
ഗവര്‍ണര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന്‍ നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ മറുപടി തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.
പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ചത് തന്‍റെ അനുമതി തേടാതെയാണെന്നുള്ള ഗവര്‍ണറുടെ വാദത്തെ സര്‍ക്കാര്‍ ഇന്നലെതന്നെ തള്ളിയിരുന്നു.
ഭരണഘടനാ പ്രകാരമോ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരമോ നിയമസഭാ ചട്ടമനുസരിച്ചോ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടേണ്ടതില്ലെന്നാണ് നിയമമന്ത്രി എ.കെ. ബാലന്‍ പ്രതികരിച്ചത്.
എന്നാല്‍ ഗവര്‍ണര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അത് തിരുത്താന്‍ തയ്യാറാകുമെന്നും എ.കെ. ബാലന്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനസര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കും നടപടികള്‍ക്കുമെതിരെ പരസ്യമായി രംഗത്തെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.