കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി. താരസംഘടനയായ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.
ഒരാഴ്ച കൊണ്ടാണ് ഷെയ്ന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതോടെ നിര്‍മ്മാതാക്കളുമായുള്ള സമവായത്തിന് സാഹചര്യമൊരുങ്ങി.
ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ഷെയിന്‍ വിഷയത്തില്‍ ചര്‍ച്ചയാകാം എന്നായിരുന്നു നിര്‍മാതാക്കളുടെ നിലപാട്.ഇതേതുടര്‍ന്നാണ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ അമ്മ ഷെയ്‌നിനോട് നിര്‍ദ്ദേശിച്ചത്.
വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ അമ്മ യോഗത്തില്‍ അറിയിച്ചിരുന്നു. നേരത്തെ നിര്‍മാതാക്കളെ മനോരാഗികള്‍ എന്നു വിളിച്ചതില്‍ ഷെയ്ന്‍ നിഗം മുമ്പ് മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയ്ന്‍ കത്തയച്ചത്.വിഷയം രമ്യമായി പരിഹരിക്കണമെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മാപ്പ് അംഗീകരിക്കില്ലെന്ന നിലപാടാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എടുത്തത്. നേരത്തേയും വിവാദ പ്രസ്താവനയില്‍ ഷെയ്ന്‍ ക്ഷമാപണം നടത്തിയിരുന്നു. പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നതെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.