gnn24x7

എച്ച്1 എന്‍1: നിരീക്ഷണത്തിലുള്ളത് 232 പേര്‍, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

0
780
gnn24x7

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്1 എന്‍1 പടര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച എട്ട് സ്ഥലങ്ങളില്‍ ഇതിന്റെ ഭാഗമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. കുമാരനെല്ലൂര്‍ സംസ്‌കാരിക നിലയം, കാരമൂല അംഗന്‍വാടി, മരഞ്ചാറ്റില്‍ സാംസ്‌കാരിക നിലയം, സി.എച്ച്.സി, പാറത്തോട് സാംസ്‌കാരിക കേന്ദ്രം, ആനയാംകുന്ന് സ്‌കൂള്‍, കറുത്തപറമ്പ് സാംസ്‌കാരിക നിലയം, കാരശ്ശേരി ഹാള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക ക്യാമ്പ് നടക്കുന്നത്.

നിലവില്‍ 232 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും പുതുതായി ആര്‍ക്കും രോഗം സ്ഥിരികരിച്ചതായി റിപ്പോര്‍ട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്‌കൂളിലെ അധ്യാപികയില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പടര്‍ന്നതെന്ന സംശയത്തിലാണ് ബന്ധപ്പെട്ടവര്‍. ആദ്യം രോഗലക്ഷണങ്ങള്‍ കാണപ്പെട്ടത് അധ്യാപികയ്ക്കായിരുന്നു. ഇവര്‍ കഴിഞ്ഞയാഴ്ച മൂകാംബിക സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ നിന്ന് പകര്‍ന്നതാണോ എന്നാണ് സംശയിക്കുന്നത്. നിലവില്‍ ആറ് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കുമാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ സ്രവം മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കയച്ചതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സ്‌കൂളിലെ 42 കുട്ടികള്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു ദിവസം കഴിയുമ്പോഴേക്കും നൂറ്റമ്പതോളം കുട്ടികളിലേക്കും അധ്യാപകരിലേക്കും ചില കുട്ടികളുടെ കുടുംബാംഗങ്ങളിലേക്കും പനി പടര്‍ന്നു. പനിബാധിച്ച എല്ലാവരിലും എച്ച്1 എന്‍1ന്റെ പ്രതിരോധ മരുന്ന് നല്‍കേണ്ടതിനാലാണ് എട്ടിടങ്ങളില്‍ ഇന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഇവിടെ രാവിലെ മുതല്‍ രോഗികള്‍ എത്തിത്തുടങ്ങി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here